പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത ക്രൂരമായ ബലാത്സംഗക്കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശി സെൽവരാജ് (48) ആണ് കൊടുമൺ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇയാൾക്കെതിരെ 2023-ൽ അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ലോങ് പെൻഡിങ് വാറണ്ട് (LP Warrant) പുറപ്പെടുവിച്ചിരുന്നു.
വർഷങ്ങൾക്ക് മുൻപ് തനിക്കെതിരെ പോലീസ് കേസെടുത്ത വിവരം കൃത്യമായി മനസ്സിലാക്കിയ പ്രതി, അറസ്റ്റ് ഒഴിവാക്കാനായി തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായി വ്യാജ പേരുകളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു. അടുത്ത കാലത്തായി ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കൊടുമൺ പോലീസ് പഴയ കേസുകളിലെ പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതോടെ ഇയാൾ കേരളം വിട്ട് കർണാടകയിലേക്ക് കടന്നു. തുടർന്ന് കേരള – കർണാടക അതിർത്തിയോട് ചേർന്നുള്ള കടുത്ത വനമേഖലയിലെ ‘ഗ്വാളിമുഖ്’ എന്ന വിജനമായ സ്ഥലത്തുള്ള ഒരു പന്നി ഫാമിൽ ആരുമായും സമ്പർക്കമില്ലാതെ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു.
പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടുമൺ എസ്.എച്ച്.ഒ (SHO) ശ്രീലാൽ ചന്ദ്രശേഖറിന്റെ നേരിട്ടുള്ള നിർദ്ദേശാനുസരണം എസ്.ഐ ജിനു, സി.പി.ഒമാരായ അഭിലാഷ്, ബിൻഷാദ് എന്നിവരുൾപ്പെട്ട പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കർണാടക അതിർത്തിയിലെ വനമേഖലയിൽ അതീവ രഹസ്യമായി തമ്പടിച്ച പോലീസ് സംഘം പ്രതിയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇന്ന് വൈകിട്ടോടെ ഗ്വാളിമുഖ്ലെ ഒളിത്താവള വളഞ്ഞ് പ്രതിയെ പോലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പത്തനംതിട്ടയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Story Summary: The Kodumon police arrested Selvaraj, a native of Tamil Nadu, who had been absconding for over two decades in a 2004 rape case. After a Long Pending (LP) warrant was issued against him in 2023, the police intensified the manhunt, forcing him to flee to the Kerala-Karnataka border. He was hiding as a laborer at a pig farm in a remote forest area called Gwalimukh. A special police team led by Kodumon SHO Sreelal Chandrasekhar tracked him for two weeks before making the arrest.


