ഉത്തർപ്രദേശ്: ഗാസിയാബാദിലെ മോദിനഗറിൽ 150 കോടി രൂപയുടെ സ്വത്തുവകകൾക്ക് ഉടമയായ പിതാവിനെ മകൻ വെടിവെച്ചു കൊന്നു (Ghaziabad Property Dispute Murder). ബുധാന ഗ്രാമവാസിയായ ഹരി ഓം ചൗധരിയെയാണ് (52) മൂത്ത മകൻ നിഖിൽ (32) വെടിവെച്ചു കൊലപ്പെടുത്തിയത്. മദ്യപാനിയായ മകൻ സ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവുമായി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു.
ബുധനാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ നിഖിൽ പിതാവുമായി തർക്കത്തിലേർപ്പെടുകയും കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് നാല് തവണ വെടിയുതിർക്കുകയുമായിരുന്നു. മുഖത്തും നെഞ്ചിലും വയറിലുമായി നാല് ബുള്ളറ്റുകൾ ഏറ്റ ഹരി ഓം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഹരി ഓം ചൗധരിക്ക് മോദിനഗറിൽ 75 ബിഗ ഭൂമിയും ഡൽഹി-മീററ്റ് റോഡിൽ മാർക്കറ്റും ഉണ്ടായിരുന്നു. ഇതിൽ 25 ബിഗ ഭൂമിയും ചില കടകളും ഇതിനോടകം നിഖിലിന് നൽകിയിരുന്നു. എന്നാൽ ബാക്കിയുള്ള ഭൂമി കൂടി തന്റെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മകന്റെ പിടിവാശി.
മകൻ മദ്യപിക്കുന്നതിനെ ചൊല്ലി പിതാവ് നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. 2018-ൽ സ്വന്തം അനുജനായ നിഷുവിന് നേരെയും നിഖിൽ വെടിയുതിർത്തിരുന്നു. കേസിൽ നാല് പോലീസ് സംഘങ്ങൾ പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Summary: A 52-year-old wealthy farmer, Hariom Chaudhary, was shot dead by his 32-year-old son, Nikhil, in Ghaziabad following a heated property dispute. Despite having already gifted significant assets to his son, the father refused further land transfers due to Nikhil’s alcohol addiction, leading to the fatal confrontation.


