മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഇലക്ട്രിക് കപ്പികൾ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് മുസ്ലിം വിദ്യാർത്ഥികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. ജൂലൈ 10-ന് രേനാപൂർ താലൂക്കിലെ ഖരോല ഗ്രാമത്തിലാണ് 13-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. ബെൽറ്റുകൾ, ഇലക്ട്രിക് വയറുകൾ, പൈപ്പുകൾ എന്നിവ ഉപയോഗിച്ചായിരുന്നു മർദ്ദനം. അക്രമികളിലൊരാൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Latur schoolboys mob assault, Schoolboys Tied To Pole And Assaulted In Latur Maharashtra)
കുട്ടികളെ കെട്ടിയിട്ട് മർദ്ദിക്കുന്നതറിഞ്ഞ് മാതാപിതാക്കൾ സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഇവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടഞ്ഞ് ഏഴ് കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്. ശരീരമാസകലം പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അക്രമം നേരിൽ കണ്ടിട്ടും പ്രതികൾക്കെതിരെ ഉടൻ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. അന്നുതന്നെ രാത്രി പത്ത് മണിയോടെ മുഖ്യപ്രതികളിലൊരാളായ സച്ചിൻ റാവുത്രോ നൽകിയ പരാതിയിൽ കുട്ടികൾക്കെതിരെ പൊലീസ് ആദ്യം മോഷണക്കുറ്റത്തിന് കേസെടുത്തു.
പിന്നീട് മാതാപിതാക്കളുടെ പരാതിയിലും പൊതുവിമർശനത്തെ തുടർന്നുമാണ് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അക്രമം നടന്ന് 10 മണിക്കൂറിലേറെ വൈകിയാണ് കേസ് എടുത്തത്. ഇതിനിടെ മുഖ്യപ്രതികളായ സച്ചിൻ റാവുത്രോ, നിതിൻ ഷിൻഡെ എന്നിവർ ഒളിവിൽ പോയി. കേസിൽ ഉൾപ്പെട്ട മറ്റ് ആറ് പ്രതികളായ സന്തോഷ് റാവുത്രോ, ബബ്ലി കാലെ, ദത്ത ജാദവ്, ബാലു സൂര്യവംശി, ഗണേഷ് ഭോപി, ദശരഥ് ഭോപി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ട് ദിവസത്തിനകം മജിസ്‌ട്രേറ്റ് ജാമ്യത്തിൽ വിട്ടു.
സംഭവത്തിൽ വർഗീയമായ പ്രേരണയൊന്നുമില്ലെന്നാണ് പൊലീസ് നിലപാടെങ്കിലും, മർദ്ദിക്കുന്ന സമയത്ത് പ്രതികൾ ജാതീയവും മതപരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്ന് മാതാപിതാക്കൾ ആരോപിച്ചു. കുട്ടികളുടെ മുസ്ലിം ഐഡന്റിറ്റി കേസിൽ വലിച്ചിഴയ്ക്കരുതെന്ന് പൊലീസ് തങ്ങളോട് ആവശ്യപ്പെട്ടതായും ഒരു രക്ഷിതാവ് വെളിപ്പെടുത്തി. സംഭവത്തിൽ ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രാജ്യസഭാ എംപി ഡോ. സയ്യിദ് നസീർ ഹുസൈൻ രംഗത്തെത്തി. മുസ്ലിം വിദ്യാർത്ഥികൾക്ക് പോലും രക്ഷയില്ലാത്ത വിധം വെറുപ്പിന്റെയും ആൾക്കൂട്ട അക്രമത്തിന്റെയും അന്തരീക്ഷമാണ് സംസ്ഥാന സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Story Summary
Three Muslim schoolboys aged between 13 and 15 were tied to a pole and brutally assaulted with belts and pipes by a group of Maratha men in Maharashtra’s Latur district over theft allegations. While the police initially registered a theft case against the minor victims based on the attacker’s complaint, public outrage later forced an FIR against the assaulters, six of whom were arrested and subsequently released on bail.


