കൊച്ചി: കലൂർ കത്രിക്കടവിലെ അൽ റീം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ 15 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കുഴിമന്തിക്കൊപ്പം വിതരണം ചെയ്ത മയോണൈസ് ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.(Kochi food poisoning Al Reem, Shigella Confirmed In Three People After Food Poisoning)
മയോണൈസ് കഴിക്കാതെ മന്തി മാത്രം കഴിച്ചവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ബുധനാഴ്ച മുതൽ ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ നേരിട്ടത്. തുടർന്ന് ഇവർ ചികിത്സ തേടുകയായിരുന്നു. ഇവിടെ ചികിത്സയിലുള്ള രോഗികളുടെ സാംപിളുകൾ പരിശോധിച്ചപ്പോഴാണ് ഷിഗെല്ല രോഗബാധ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഒട്ടേറെ പോരായ്മകൾ കണ്ടെത്തിയ കത്രിക്കടവിലെ അൽ റീം ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു. കൊച്ചിയിൽ ഒന്നിലധികം ശാഖകളുള്ള പ്രമുഖ കുഴിമന്തി ശൃംഖലയാണ് അൽ റീം. അതേസമയം, ഭക്ഷ്യവിഷബാധയ്ക്ക് കാരണം മയോണൈസ് അല്ലെന്നും പകരം പ്രദേശത്തെ കുടിവെള്ളമാണെന്നുമാണ് വ്യാപാരി വ്യവസായി സമിതിയുടെ വാദം.
Story Summary
Three people have tested positive for Shigella after suffering from food poisoning at Al Reem Hotel in Kaloor Kathrikadavu, Kochi. Out of nearly 50 affected individuals, 15 remain hospitalized, with health officials suspecting the mayonnaise served with Kuzhimanthi as the cause. Following the incident, the Food Safety Department shut down the prominent hotel chain’s branch.


