HomeKeralaഅർജുൻ്റെ ഓർമ്മകൾക്ക് രണ്ടാണ്ട്: ഷിരൂർ മണ്ണിടിച്ചിലിൻ്റെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ കേരളം...

അർജുൻ്റെ ഓർമ്മകൾക്ക് രണ്ടാണ്ട്: ഷിരൂർ മണ്ണിടിച്ചിലിൻ്റെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ കേരളം | Shirur landslide

തിരുവനന്തപുരം: നാടിനെയാകെ കണ്ണീരിലാഴ്ത്തിയ കർണാടക ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 16-ന് രാവിലെ എട്ടേകാലോടെയാണ് ദേശീയപാത 66-ൽ മലയിടിഞ്ഞ് വൻ ദുരന്തമുണ്ടായത്. കനത്ത മണ്ണും പാറയും ചെളിയും റോഡിലേക്ക് ഇരച്ചെത്തി ചായക്കടയും സമീപത്തെ വീടുകളും തകർത്തു. ഈ ദുരന്തത്തിലാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവരെ കാണാതായത്.(Shirur landslide, Remembrance Of Driver Arjun Death)

തുടർന്ന് അർജുനെ കണ്ടെത്താനായി രാജ്യം കണ്ട സമാനതകളില്ലാത്ത രക്ഷാദൗത്യത്തിനായിരുന്നു ഗംഗാവലി പുഴ സാക്ഷ്യം വഹിച്ചത്. കനത്ത മഴയും കുത്തൊഴുക്കും പ്രതികൂലമായതോടെ മൂന്ന് ഘട്ടങ്ങളായാണ് തിരച്ചിൽ നടത്തിയത്. എൻഡിആർഎഫും നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ദിവസങ്ങളോളം തിരഞ്ഞിട്ടും ഫലം കണ്ടില്ല.

ഇതിനിടെ പ്രതിഷേധവുമായി അർജുന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. പ്രാദേശിക എംഎൽഎ സതീഷ് കൃഷ്ണ സെയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സജീവമായി നേതൃത്വം നൽകി. ജൂലൈ 20-ന് പുഴയിൽ സോണാർ, റഡാർ പരിശോധനകൾ നടത്തി. ജൂലൈ 25-ഓടെ മലയാളി മേജർ ജനറൽ എം ഇന്ദ്രബാലനും സംഘവും, പിന്നാലെ ജൂലൈ 27-ന് സന്നദ്ധപ്രവർത്തകൻ ഈശ്വർ മാൽപെയും ദൗത്യത്തിൽ പങ്കാളികളായി. ജൂലൈ 28-ന് ദൗത്യം താൽക്കാലികമായി നിർത്തിയെങ്കിലും വ്യാപക പ്രതിഷേധത്തെ തുടർന്ന് പുനരാരംഭിച്ചു. ഓഗസ്റ്റ് 13-ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ നാവികസേന ലോറിയിലെ വടം കണ്ടെത്തി.

ഒടുവിൽ സെപ്റ്റംബർ 20-ന് ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച് മൂന്നാം ഘട്ട തിരച്ചിൽ ആരംഭിച്ചു, ദൗത്യം തുടർന്നു. അങ്ങനെ 72 ദിവസത്തെ നെഞ്ചിടിപ്പേറിയ കാത്തിരിപ്പിനൊടുവിൽ സെപ്റ്റംബർ 25-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഗംഗാവലി പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തി. ആ കാബിനിൽ അർജുന്റെ ഭൗതികശരീരവും ഉണ്ടായിരുന്നു. അർജുന്റെ വേർപാടിന്റെ രണ്ടാം വാർഷികത്തിലും ആ നടുക്കം മാറാതെ നിൽക്കുകയാണ് കേരളക്കര.

Story Summary

Today marks the second anniversary of the tragic Shirur landslide in Karnataka, which occurred on July 16, 2024. The disaster claimed several lives, including Malayali truck driver Arjun. Following an unprecedented 72-day search operation involving the NDRF, Navy, Major General M. Indra Balan, and volunteer Ishwar Malpe, Arjun’s body was finally recovered from the cabin of his truck inside the Gangavali river on September 25.

Clickable Info Box