ടെൽ അവീവ്: യുഎസ്-ഇറാൻ സൈനിക സംഘർഷം കൂടുതൽ വഷളാകുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യാഴാഴ്ച രാത്രി നിർണായക ഫോൺ സംഭാഷണം നടത്തി. ഗൾഫ് മേഖലയിൽ അമേരിക്ക നടത്തുന്ന പുതിയ നീക്കങ്ങളെക്കുറിച്ച് ട്രംപ് നെതന്യാഹുവിനെ ധരിപ്പിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണവും ഏകോപനവും തുടരാൻ നേതാക്കൾ ധാരണയിലെത്തി.(Donald Trump Updates Benjamin Netanyahu On US Gulf Moves Amid Fresh Iran Explosions)
ഇറാനിലെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹറിലും കൊണാരകിലും ഉൾപ്പെടെ ദക്ഷിണ ഇറാനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ഫോൺ സംഭാഷണം നടന്നിരിക്കുന്നത്. എന്നാൽ ഈ സ്ഫോടനങ്ങൾക്ക് പിന്നിൽ തങ്ങളല്ലെന്ന് യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളുടെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുത്തിരുന്നെങ്കിലും പുതിയ സ്ഫോടനങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഫോൺ സംഭാഷണത്തിനിടയിൽ ടർക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും അദ്ദേഹത്തിന്റെ സർക്കാരും ഇസ്രായേലിന്റെ നിലനിൽപ്പിനെതിരെ നടത്തുന്ന പ്രസ്താവനകളുടെ തീവ്രതയെക്കുറിച്ച് നെതന്യാഹു ആശങ്ക രേഖപ്പെടുത്തി. ഇതിന് പുറമെ ഇസ്രായേൽ അതിർത്തികളിൽ സുരക്ഷാ മേഖലകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം യുഎസ് പ്രസിഡന്റുമായി ചർച്ച ചെയ്തു. ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചതോടെ മിഡിൽ ഈസ്റ്റിൽ വലിയ യുദ്ധഭീതിയാണ് നിലനിൽക്കുന്നത്.
Story Summary
US President Donald Trump held a phone call with Israeli Prime Minister Benjamin Netanyahu to update him on American military moves in the Gulf amid fresh explosions in southern Iran. During the call, Netanyahu raised concerns over Turkish President Erdogan’s anti-Israel rhetoric and discussed securing Israel’s borders. While Iran faces consecutive days of strikes, Washington clarified that its military was not involved in the latest blasts reported near the Bushehr nuclear facility.

