അമേരിക്കയിൽ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലുള്ള കാമുകിക്ക് അയച്ച സംഭവത്തിൽ ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു (Raajitha Sabbineni Murder Case). ബെൽവ്യൂവിൽ താമസിച്ചിരുന്ന 30 വയസ്സുകാരനായ അവിനാഷ് നാർനെയാണ് ഭാര്യ രാജീത സബ്ബിനേനിയെ (27) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവത്തിൽ ഒമ്പത് മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
2025 ഒക്ടോബർ 27-നാണ് ഭാര്യയെ ശുചിമുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയെന്നും പ്രതികരിക്കുന്നില്ലെന്നും അവിനാഷ് പോലീസിൽ വിവരമറിയിച്ചത്. പോലീസെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ രാജീതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ പുറത്തുപോയ സമയത്താണ് സംഭവം നടന്നതെന്നായിരുന്നു അവിനാഷിന്റെ വാദം. എന്നാൽ, അപ്പാർട്ട്മെന്റിൽ മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്ന് മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു.
അന്വേഷണത്തിൽ, അവിനാഷിന് ഇന്ത്യയിലുള്ള ഒരു യുവതിയുമായി ദീർഘകാലമായി രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തി. രാജീതയുമായുള്ള വിവാഹത്തിന് അവിനാഷിന്റെ കാമുകിയും പങ്കെടുത്തിരുന്നു. വിവാഹശേഷവും ഇവർ ബന്ധം തുടർന്നതായും വ്യക്തമായിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം നാലു തവണ ഇയാൾ കാമുകിയെ വിളിക്കുകയും, ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു. അവിനാഷ് നൽകിയ പാനീയത്തിന് മരുന്നിന്റെ ചുവയുണ്ടെന്ന് രാജീത നേരത്തെ സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങളിൽ പരാതിപ്പെട്ടിരുന്നു. കൊലപാതകത്തിന് കേസെടുത്ത അവിനാഷ് നിലവിൽ ജയിലിലാണ്.
Summary: An Indian software engineer, Avinash Narne, has been arrested in the U.S. for the strangulation murder of his wife, Raajitha Sabbineni, which occurred in October 2025. Investigations revealed that Narne had been maintaining a long-term secret relationship with a woman in India—who even attended his wedding—and sent her a photograph of his wife’s body following the crime.

