കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്ത ബാരുയിപൂരിൽ പതിനൊന്നുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട പ്രതിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ. കേസിലെ മുഖ്യപ്രതിയായ പ്രഭാസ് മണ്ഡൽ ആണ് കഴിഞ്ഞ ദിവസം രാത്രി പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചത്. അവൻ യാതൊരുവിധ നല്ല കാര്യവുമല്ല ചെയ്തതെന്നും, ചെയ്ത പാപത്തിനുള്ള ശിക്ഷയാണ് അവന് ലഭിച്ചതെന്നും അതുകൊണ്ട് മൃതദേഹം തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും പ്രഭാസിന്റെ അമ്മ സന്ധ്യാ മണ്ഡൽ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.(Kolkata Baruipur Rape Murder Accused Killed In Encounter Mother Refuses Body)
മകന്റെ മരണവിവരം അറിയിക്കാനും മൃതദേഹം ഏറ്റെടുക്കുന്നതിനായി ആശുപത്രിയിലേക്ക് വരാനും രണ്ട് പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അവർക്കൊപ്പം പോകാൻ പോലും അമ്മ തയ്യാറായില്ല. “എന്റെ മകൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അവന് ലഭിച്ചു കഴിഞ്ഞു. അവന്റെ മൃതദേഹം ഞാൻ സ്വീകരിക്കില്ല, ഈ വീട്ടിലേക്ക് ഇനി അവൻ വരേണ്ടതില്ല. അവൻ ഒരു നല്ല കാര്യവുമല്ല ചെയ്തത്. തെറ്റ് ചെയ്തു, ശിക്ഷിക്കപ്പെട്ടു. ആ മൃതദേഹം എന്ത് വേണമെങ്കിലും ചെയ്തോളൂ, എനിക്ക് യാതൊരുവിധ എതിർപ്പുമില്ല. കിടപ്പിലായ എന്റെ ഭർത്താവിനെ നോക്കാൻ മാത്രമാണ് എനിക്ക് ഇപ്പോൾ താല്പര്യം,” അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ബാരുയിപൂരിൽ ക്രൂരകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് പ്രഭാസ് മണ്ഡൽ പോലീസിന്റെ റിവോൾവർ പിടിച്ചുവാങ്ങി രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതി പൊലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചതോടെ സ്വയംരക്ഷാർത്ഥം പോലീസ് തിരികെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പതിനൊന്നുകാരിയായ പെൺകുട്ടിയെ തന്ത്രപൂർവ്വം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രഭാസും മറ്റ് രണ്ട് കൂട്ടാളികളും ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടിയെ ജീവനോടെ ചാക്കിൽ കെട്ടി കുളത്തിൽ താഴ്ത്തിയാണ് ഇവർ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
Story Summary
The mother of Prabhas Mondal, the prime accused in the Baruipur minor girl rape and murder case who was killed in a police encounter, has refused to accept his body. She stated her son got what he deserved for his heinous crime, as he was shot dead after attempting to snatch a cop’s revolver during scene reconstruction.

