വാഷിംഗ്ടൺ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന മുതിർന്ന ഇറാനിയൻ നേതാക്കളെ ലക്ഷ്യം വച്ച് “ഒറ്റയടിക്ക്” അവരെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്.(Donald Trump Claims He Could Have Eliminated Iranian Leadership During Funeral)
എന്നാൽ, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ തുടരാൻ ആഗ്രഹിക്കുന്നതിനാലാണ് അത്തരമൊരു കടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറിയതെന്ന് ട്രംപ് പ്രതികരിച്ചു. “അവരെല്ലാം അവിടെയുണ്ട്. ഒരൊറ്റ വെടിക്ക് അവരെ മുഴുവൻ തീർക്കാമായിരുന്നു. പക്ഷേ ചർച്ച നടത്താൻ ആരുമില്ലാത്ത അവസ്ഥ വരുന്നത് കൊണ്ടാണ് ഞങ്ങൾ അത് ചെയ്യാത്തത്,” ട്രംപ് പറഞ്ഞു.
ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ ചില ഇറാനികൾ കരയുന്നത് കണ്ടതിൽ അത്ഭുതം തോന്നിയെന്നും, അത് “കപട കണ്ണുനീർ” ആകാം എന്നുമാണ് ട്രംപ് പരാമർശിച്ചത്. ഇതിനെതിരെ അർമേനിയയിലെ ഇറാനിയൻ എംബസി ‘എക്സിൽ’ ശക്തമായി പ്രതികരിച്ചു: “നാഗരികതയോ ചരിത്രമോ അന്തസ്സോ ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾക്ക് ഇത്തരം കാര്യങ്ങൾ മനസ്സിലാകാത്തത്.” അമേരിക്കൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലും ട്രംപ് ഇറാനെതിരെ രൂക്ഷമായ ഭാഷ ഉപയോഗിച്ചു. ഇറാനെ തങ്ങൾ ശരിക്കും ഞെട്ടിച്ചിട്ടുണ്ടെന്നും, അവർ ഒരു ഒത്തുതീർപ്പിനായി കൊതിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. സംസ്കാരച്ചടങ്ങിനായി തങ്ങൾ അവർക്ക് ഒരു ആഴ്ചത്തെ സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
Story Summary
US President Donald Trump claimed he could have eliminated Iran’s top leadership during Ayatollah Ali Khamenei’s funeral but chose not to for the sake of future diplomatic negotiations. Tensions remain extremely high as Iran has issued strong warnings of “harsh retaliation” against any US or Israeli aggression, while security concerns continue to shadow the ongoing funeral proceedings.

