ബംഗളൂരു: പൊതുയിടത്തിൽ വെച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി വെളിപ്പെടുത്തി പ്രശസ്ത കന്നഡ നടിയും ബിഗ് ബോസ് താരവുമായ ദിവ്യ സുരേഷ് (Divya Suresh Harassment). ബംഗളൂരുവിൽ വെച്ച് രാത്രിയിൽ ബന്ധുവിനൊപ്പം നടന്നുപോകുമ്പോൾ ഒരാൾ തങ്ങളെ പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് നടി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. അക്രമിയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്.
കഴിഞ്ഞദിവസം രാത്രി 11:30-ഓടെ ദിവ്യയും കസിനും കൂടി തങ്ങളുടെ കാറിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. അപരിചിതനായ ഒരു പുരുഷൻ ഇവരെ പിന്തുടരുകയും പരസ്യമായി സ്വയംഭോഗം ചെയ്യുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതുകണ്ട് പ്രതികരിച്ചെങ്കിലും അയാൾ പിന്മാറാൻ തയ്യാറായില്ലെന്നും കാറിൽ കയറുന്നത് വരെ ശല്യം തുടർന്നുവെന്നും നടി കുറിപ്പിൽ പറയുന്നു. “രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നു എന്നതുകൊണ്ട് ഒരു സ്ത്രീക്കും ഇത്തരം സാഹചര്യങ്ങൾ അനുഭവിക്കേണ്ടി വരരുത്. നമുക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന സുരക്ഷ എവിടെയാണ്?” എന്ന് താരം സമൂഹമാധ്യമങ്ങളിൽ ചോദിച്ചു.
മിസ് ഇന്ത്യ സൗത്ത് 2017 കിരീടം ചൂടിയ ദിവ്യ സുരേഷ് ‘നന്ന ഹെന്ദി എംബിബിഎസ്’, ‘ജോഡി ഹക്കി’ തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകളിലൂടെയാണ് ശ്രദ്ധേയയായത്. 2017-ൽ ‘#9 ഹിൽട്ടൺ ക്രോസ്’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘റൗഡി ബേബി’, ‘കെംപു ഹലാഡി ഹസിരു’, ‘ഹിരണ്യ’ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 2022-ൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് കന്നഡ സീസൺ 8-ലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ദിവ്യ. താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾ ഉയർന്നിട്ടുണ്ട്.
Story Summary:
Kannada actress and Bigg Boss fame Divya Suresh shared a traumatic experience of sexual harassment on a Bengaluru street at night. She revealed that a man followed her and her cousin around 11:30 PM, making lewd gestures, and questioned the state of women’s safety.

