ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താത്കാലിക നിയമനങ്ങളെ ചൊല്ലി ഗുരുതര ആരോപണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ ജി. സുധാകരൻ (G Sudhakaran). കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി താത്കാലിക നിയമനങ്ങൾ വൻതോതിൽ പണം വാങ്ങിയാണ് നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. നിയമനങ്ങൾക്ക് പണം കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം പേരെ ഏകദേശം രണ്ട് ലക്ഷം രൂപ വീതം വാങ്ങി താത്കാലികമായി നിയമിച്ചുവെന്നാണ് സുധാകരന്റെ ആരോപണം. ഇത്തരം നിയമനങ്ങൾ ആരുടെ അനുമതിയോടെയാണ് നടന്നതെന്നും, വിഷയത്തെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് വ്യക്തമായ അറിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ തേടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരെ മറികടന്ന് കുടുംബശ്രീ മുഖേന നിയമനങ്ങൾ നടത്തിയതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. മെഡിക്കൽ കോളജ് പോലുള്ള സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് കുടുംബശ്രീയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
മെഡിക്കൽ കോളജുകളിലെ നിയമനങ്ങൾ പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ മാത്രമേ നടത്താവൂവെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സ്വാധീനവും അനധികൃത ഇടപെടലുകളും ഒഴിവാക്കി നിയമന നടപടികൾ സുതാര്യമായി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സുധാകരൻ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുടെയോ കുടുംബശ്രീയുടെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
Story Summary:
G. Sudhakaran has alleged that temporary appointments at Alappuzha Medical College were made after collecting bribes of ₹2 lakh per candidate over the past five years. He also questioned the role of Kudumbashree in recruitment processes, demanding greater transparency and adherence to official procedures.

