പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ നടൻ രവി മോഹൻ (Ravi Mohan) സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സന്നിധാനത്ത് നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകരോടും പിന്തുണച്ചവരോടും താരം നന്ദി അറിയിച്ചത്.
തന്നെ നിരുപാധികം സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് രവി മോഹൻ കുറിച്ചു. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ഓരോ ദിവസവും കൂടുതൽ കരുത്താർജിക്കുകയാണെന്നും, തന്റെ വളർച്ച ആഗ്രഹിക്കുന്നവർക്കായി സിനിമാ മേഖലയിൽ കൂടുതൽ ആത്മാർഥതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാധകർ, സിനിമാ മേഖലയിലെ സഹപ്രവർത്തകർ, മാധ്യമപ്രവർത്തകർ, കൂടാതെ ജീവിതയാത്രയിൽ വഴികാട്ടുന്ന ദൈവിക ശക്തി എന്നിവരിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നുവെന്നും താരം കുറിപ്പിൽ പറഞ്ഞു. “സ്വാമിയേ ശരണം” എന്ന വാക്കുകളോടെയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.
അതേസമയം, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (LCU) ഭാഗമായി സംവിധായകൻ ഭാഗ്യരാജ് കണ്ണൻ ഒരുക്കുന്ന ബെൻസ് എന്ന ചിത്രത്തിലാണ് രവി മോഹൻ അടുത്തതായി അഭിനയിക്കുന്നത്. രാഘവ ലോറൻസ് നായകനാകുന്ന ചിത്രത്തിൽ നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇതിനുപുറമെ, രവി മോഹൻ ആദ്യമായി സംവിധായകന്റെ വേഷം അണിയുന്ന An Ordinary Man എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. താരത്തിന്റെ പുതിയ സിനിമാ പദ്ധതികൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Story Summary: Actor Ravi Mohan shared an emotional note after visiting Sabarimala, thanking fans and well-wishers for their support. He also reaffirmed his commitment to cinema while gearing up for upcoming projects including Benz and his directorial venture An Ordinary Man.

