തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സർക്കാർ നടപടിക്കെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധത്തിൽ. തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണെന്ന് സിപിഐഎം മുഖപത്രത്തിൽ കുറ്റപ്പെടുത്തി. മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്ന് എഡിറ്റോറിയലിൽ ആരോപിക്കുന്നു.(Alcohol Tax Cuts, LDF Escalates Corruption Allegations Against Government)
എക്സൈസ് മന്ത്രി പോലും അറിയാതെ ബജറ്റ് പ്രസംഗത്തിലൂടെ മാത്രം പ്രഖ്യാപിച്ച നികുതിയിളവ്, വൻകിട മദ്യക്കമ്പനികൾക്ക് കോടികളുടെ ലാഭം കൊയ്യാനുള്ള വഴിയൊരുക്കലാണെന്നാണ് എൽഡിഎഫ് വാദം. ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവ് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ അലമുറയിട്ട വി.ഡി. സതീശൻ, ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുകയാണെന്നും മുഖപത്രം വിമർശിക്കുന്നു.
അധികാരമേറ്റെടുത്ത ഉടൻ തന്നെ, കേവലം മൂന്ന് മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥതല പരിശോധനകളെല്ലാം മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയൽ ആസൂത്രിതമായ അഴിമതിയുടെ തെളിവാണെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി നികുതി കുറച്ചത് വഴി ഖജനാവിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ഇത് വൻകിട കമ്പനികളെ സഹായിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്. വിഷയത്തിൽ യുഡിഎഫിന് തീരുമാനമെടുക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ കണ്ണുകെട്ടി വിഡ്ഢികളാക്കാനുള്ള ശ്രമമാണെന്നും, അഴിമതിയുടെ ‘വീര്യം’ തിരിച്ചറിയാൻ കേരളം ഇനിയുമെന്ത് തെളിവാണ് വേണ്ടതെന്നും മുഖപത്രം ചോദിക്കുന്നു.
Story Summary
The LDF has intensified its criticism against the government for reducing taxes on low-alcoholic beverages, terming it a massive corruption scandal linked to the ‘liquor lobby.’ CPIM mouthpiece has leveled serious allegations against the Chief Minister, citing a suspiciously rapid processing of files and suggesting a conflict of interest, while accusing the ruling coalition’s allies of complicity.

