തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ. ഈ സർക്കാർ പുതിയ കരാറുകളിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും, മുൻ സർക്കാർ ഒപ്പിട്ട കരാർ സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും മന്ത്രി സഭയെ അറിയിച്ചു. സിപിഐ അംഗം പി. പ്രസാദ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.(Education Minister N Samsudheen Criticizes Previous Government Over PM SHRI Project Deal)
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി 2024-ൽ തന്നെ പൊതുവിദ്യാഭ്യാസ സെക്രട്ടറി വഴി നടപടികൾ ആരംഭിച്ചിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. തുടർന്ന് 2024 ജൂലൈയിൽ ചേർന്ന കമ്മിറ്റി പദ്ധതി നടപ്പിലാക്കാൻ തീരുമാനിക്കുകയും, 2025 ഒക്ടോബറിൽ ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്തു. ഈ നടപടികളെല്ലാം മുൻ സർക്കാർ രഹസ്യമായാണ് ചെയ്തതെന്ന് മന്ത്രി ആരോപിച്ചു.
ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം, പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. ഈ കരാറിൽ ഒപ്പിട്ടതോടെ കേരളത്തിന്റെ അവകാശങ്ങൾ കേന്ദ്രത്തിന് മുന്നിൽ അടിയറവ് വെക്കുകയാണ് മുൻ സർക്കാർ ചെയ്തതെന്ന് മന്ത്രി കുറ്റപ്പെടുത്തി. “കഴുത്തും കത്തിയും കൂടി കേന്ദ്ര സർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷം,” എന്നും അദ്ദേഹം വിമർശിച്ചു.
നിലവിലെ സർക്കാർ ഈ പദ്ധതിയുടെ പേരിൽ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും, തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നത് താൽക്കാലികമായി നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെങ്കിലും, അത് നിയമപരമായി എത്രത്തോളം നിലനിൽക്കുമെന്നതിൽ ആശങ്കയുണ്ട്. പിഎം ശ്രീ പദ്ധതി കുട്ടികളുടെ ഭാവിക്ക് നല്ലതാണെന്ന് അന്ന് ലേഖനമെഴുതിയവർ തന്നെയാണ് ഇപ്പോൾ ഇതിനെതിരെ സമരം ചെയ്യുന്നതെന്നും മന്ത്രി പരിഹസിച്ചു.
Story Summary
Education Minister N Samsudheen defended the government in the Kerala Legislative Assembly, asserting that the current administration has not signed any new agreements for the PM SHRI project. He blamed the previous LDF government for secretly signing a disadvantageous MoU that gave the Central government total control, thereby compromising the state’s educational autonomy.

