തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമസ്ത മുഖപത്രം. ‘വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സർക്കാർ നയത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.(Samastha mouthpiece Criticizes Kerala Government Alcohol Tax Policy)
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത് സമൂഹത്തിന്റെ ആരോഗ്യത്തെയും യുവതലമുറയുടെ ഭാവിയെയും ദോഷകരമായി ബാധിക്കുമെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നൽകുന്നു. മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന നയവുമായി സർക്കാർ മുന്നോട്ടുപോകുന്നത് അത്യന്തം നിർഭാഗ്യകരമാണെന്നും, ഖജനാവ് നിറയ്ക്കുന്നതിനപ്പുറം സാമൂഹിക ഉത്തരവാദിത്വങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും സുപ്രഭാതം ഓർമ്മിപ്പിക്കുന്നു.
ഓപ്പറേഷൻ തൂഫാൻ പോലുള്ള ലഹരി വിരുദ്ധ നടപടികൾ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുമ്പോൾ തന്നെ മദ്യത്തിന് പ്രോത്സാഹനം നൽകുന്നത് വൈരുദ്ധ്യമാണ്. ഘടകകക്ഷികളെയോ സാമൂഹിക നേതൃത്വങ്ങളെയോ ബോധ്യപ്പെടുത്താതെ ഇത്തരമൊരു നയം അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ല. അതേസമയം, വീര്യം കുറഞ്ഞ മദ്യനയത്തിന്റെ തുടക്കം എൽഡിഎഫ് ഭരണകാലത്താണെന്ന കാര്യം മറക്കരുതെന്നും എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു.
തെറ്റായ തീരുമാനങ്ങൾ തിരുത്താനുള്ള ആർജ്ജവമാണ് ഒരു സർക്കാരിന്റെ യഥാർത്ഥ കരുത്ത്. ജനവികാരവും സാമൂഹിക ഉത്തരവാദിത്വവും മാനിച്ച് നികുതി ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. കേരളം മദ്യസംസ്കാരത്തിലേക്കല്ല, മറിച്ച് ലഹരിമുക്തമായ ഒരു ഭാവിലേക്കാണ് മുന്നോട്ട് പോകേണ്ടതെന്ന് മുഖപത്രത്തിൽ ആവശ്യപ്പെടുന്നു.
Story Summary
The Samasta mouthpiece has strongly criticized the Kerala government’s decision to reduce taxes on low-alcohol beverages, terming it a regressive policy that contradicts the state’s ongoing anti-drug campaigns. The editorial urges the government to prioritize public health over revenue and calls for the immediate reconsideration of this policy in light of public concern and social responsibility.

