കോഴിക്കോട്: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു (Chevayur Bank Election SIT Investigation). തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സിപിഎമ്മിന് ഒത്താശ ചെയ്തെന്നാരോപിച്ചാണ് അന്വേഷണം. തെരഞ്ഞെടുപ്പിൽ ഹൈക്കോടതി സംരക്ഷണം നൽകിയിട്ടും കോൺഗ്രസ് വോട്ടർമാർക്കുനേരെ നടന്ന അക്രമങ്ങളെയും കള്ളവോട്ടുകളെയും പോലീസ് കണ്ടില്ലെന്ന് നടിച്ചെന്നാണ് ഡിസിസി നൽകിയ പരാതി. അന്നത്തെ മെഡിക്കൽ കോളേജ് എസിപി ഉമേഷ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്.
2024 നവംബറിൽ നടന്ന വിവാദപരമായ തെരഞ്ഞെടുപ്പിൽ അക്രമങ്ങളും വാഹനങ്ങൾ ആക്രമിക്കപ്പെടലും ഉൾപ്പെടെ 12 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നിരുന്നില്ല. നൂറു കോടിയിലേറെ നിക്ഷേപവും അഞ്ഞൂറു കോടി രൂപയുടെ ആസ്തിയുമുള്ള ചേവായൂർ ബാങ്ക് ഭരണം കോൺഗ്രസ് വിമതരുടെ സഹായത്തോടെയാണ് സിപിഎം പിടിച്ചെടുത്തത്. ഈ അട്ടിമറിയിൽ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആരോപണവിധേയരായ രണ്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. നിലവിൽ യുഡിഎഫ് സർക്കാർ രൂപീകരിക്കുന്ന നാലാമത്തെ പ്രത്യേക അന്വേഷണ സംഘമാണിത്.
Summary: The UDF government has formed a Special Investigation Team (SIT) to probe the alleged rigging of the Chevayur Bank governing body election held in November 2024. The investigation follows complaints from the DCC alleging that police officials, including the then Medical College ACP, colluded with CPM workers to facilitate electoral malpractice and violence against Congress voters despite High Court directives.

