തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അതോറിറ്റിയുടെ വ്യാജരേഖകള്‍ ചമച്ച് 300 കോടി രൂപയുടെ പദ്ധതി കരാര്‍ ലഭിച്ചെന്ന് കാണിച്ച് ആളുകളെ കബളിപ്പിച്ച പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മലപ്പുറം അരീക്കോട് സ്വദേശി സല്‍മാനുല്‍ ഫാരിസ് പി.ടി. (45) എന്നയാള്‍ക്കെതിരെയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Vizhinjam Port Forgery And Fraud Case, Search Intensifies For Malappuram Native)
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ (VISL) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഐഎസ്എല്ലിന്റെ 300 കോടി രൂപയുടെ ടെന്‍ഡര്‍ തനിക്ക് ലഭിച്ചുവെന്ന് വിശ്വസിപ്പിക്കാനായി പ്രതി വ്യാജ രേഖകള്‍ തയ്യാറാക്കുകയായിരുന്നു. വിഐഎസ്എല്ലിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ വരെ ഇയാള്‍ വ്യാജമായി പതിപ്പിച്ചു.
ഈ വ്യാജരേഖകള്‍ കാണിച്ച് പലരില്‍ നിന്നും നിക്ഷേപം സ്വീകരിക്കാനും തട്ടിപ്പ് നടത്താനും പ്രതി ശ്രമിച്ചതോടെയാണ് തുറമുഖ അധികൃതര്‍ പോലീസിനെ സമീപിച്ചത്. വഞ്ചിക്കപ്പെട്ടവരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനുല്‍ ഫാരിസിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ ഒളിവിലുള്ള പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം നീക്കം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Story Summary
Police have launched a manhunt for 45-year-old Salmanul Faris from Areekode, Malappuram, for allegedly creating forged documents of the Vizhinjam International Seaport Limited (VISL) to deceive people under the guise of a Rs 300 crore project contract. The case was registered by the Thampanoor police following a complaint from the VISL CEO, as the suspect allegedly used falsified official signatures to lure victims into making investments.

