ന്യൂഡൽഹി : ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ സമുദ്രപാതകളുടെ സുരക്ഷയ്ക്കും നാവികരുടെ സംരക്ഷണത്തിനും മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിർണ്ണായക പരാമർശം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ആഗോള നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.(PM Modi Demands Maritime Security And Global Trust At G7 Summit)
ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന തരത്തിൽ ഹോർമുസ് കടലിടുക്കിലെ വ്യാപാര തടസ്സങ്ങൾ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകരാഷ്ട്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ലോകത്ത് ഏറ്റവും വലിയ തന്ത്രപരമായ ആസ്തി ധാതുക്കളോ സാങ്കേതികവിദ്യയോ അല്ല, മറിച്ച് രാജ്യങ്ങൾ തമ്മിലുള്ള ‘പരസ്പര വിശ്വാസ’മാണെന്ന് മോദി പറഞ്ഞു. വ്യാപാരവും സാങ്കേതികവിദ്യയും സങ്കുചിതമായ താൽപ്പര്യങ്ങൾക്കായി ആയുധമാക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വിശ്വാസ്യത കുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വികസ്വര രാജ്യങ്ങൾ ആഗോള വികസനത്തിന്റെ വെറും ഗുണഭോക്താക്കളല്ല, മറിച്ച് തുല്യ പങ്കാളികളാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ദാതാവ്-സ്വീകർത്താവ് എന്നതിലുപരി, അന്തസ്സുള്ള പങ്കാളിത്തമാണ് ആവശ്യം.
‘മാനവികതയ്ക്ക് മുൻഗണന’ എന്ന തത്വത്തിലാണ് ഇന്ത്യയുടെ വിദേശനയമെന്ന് മോദി വ്യക്തമാക്കി. സർവ്വജൻ ഹിതായെ, സർവ്വജൻ സുഖായെ (എല്ലാവർക്കും ക്ഷേമവും സന്തോഷവും) എന്ന മന്ത്രമാണ് ഇന്ത്യയുടെ വികസന മാതൃകയ്ക്ക് പിന്നിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിയൻ തുറമുഖങ്ങൾക്കുള്ള യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് അമേരിക്ക തകർത്ത മൂന്ന് കപ്പലുകളിൽ ഉണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരാണ് കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടത്. ഇതേക്കുറിച്ച് ട്രംപുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി തന്റെ നിലപാട് കടുപ്പിച്ചത്.
Story Summary
Addressing the G7 summit, Prime Minister Narendra Modi emphasized the urgent need for secure maritime trade routes and the safety of seafarers, following the recent deaths of three Indian mariners in a US military strike. He urged global leaders to prioritize mutual trust over narrow geopolitical interests and advocated for a partnership-based approach that empowers the Global South.

