കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത നിലപാടുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിൽ നിന്ന് തന്നെയുണ്ടായ വീഴ്ചകളെ ശക്തമായ ഭാഷയിൽ വിമർശിച്ച മന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥാനത്തുനിന്ന് മാറ്റിയതായി സ്ഥിരീകരിച്ചു. നിപ പരിശോധനാ ഫലം വൈകി അറിയിച്ചതാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.(Health Minister K Muraleedharan Removes DHS Over Nipah Test Delay And Sabotage)
താൻ വാർത്താസമ്മേളനം നടത്തുമ്പോൾ പോലും നിപ പരിശോധനാ ഫലം ലഭിച്ചിരുന്നില്ലെന്നും, എന്നാൽ ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ വിവരം ലഭിച്ചിട്ടും അത് മറച്ചുവെക്കുകയാണ് ഡി.എച്ച്.എസ് ചെയ്തതെന്നും മന്ത്രി ആരോപിച്ചു. തുരപ്പൻ പണി കാണിക്കുന്നു. സർക്കാരുമായി സഹകരിക്കാത്തവരെ ഇനിയും മാറ്റും, മന്ത്രി തുറന്നടിച്ചു.
നിപ രോഗിക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾ അദ്ദേഹം പൂർണമായും തള്ളി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ റിബാവറിൻ നൽകിയിരുന്നു. ഇന്ത്യയിൽ ലഭ്യമല്ലാതിരുന്ന മരുന്ന് പ്രത്യേക അനുമതിയോടെ എത്തിച്ച് രോഗിക്ക് നൽകിക്കഴിഞ്ഞു. രോഗി അതീവ അവശനായാണ് ആശുപത്രിയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, കാര്യങ്ങൾ ഏകോപിപ്പിക്കാൻ തിരുവനന്തപുരത്താണ് സൗകര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ആക്രമണങ്ങളെ താൻ ഭയക്കുന്നില്ലെന്നും, വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇപ്പോൾ പെയ്യുന്നത് ചാറ്റൽമഴ മാത്രമാണ്; ഇടിവെട്ടിയുള്ള വലിയ മഴ പിന്നാലെ വരാനുണ്ട് എന്നും മന്ത്രി ഓർമ്മിപ്പിച്ചു. ജനപ്രതിനിധികളെ ഒഴിവാക്കുന്നുവെന്ന പരാതിയിൽ എം.എൽ.എ മുഹമ്മദ് റിയാസുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Story Summary
Health Minister K. Muraleedharan has taken strict action against the former Director of Health Services (DHS) for intentionally withholding critical information regarding the Nipah virus test results. The Minister rejected allegations of administrative failure, asserting that all necessary medical supplies, including Remdesivir, were provided to the patient promptly, and warned that he would not tolerate internal sabotage within the health department.

