ജക്കാർത്ത: ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിൽ കഴിഞ്ഞ വാരമുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ ഏജൻസിയായ ‘ബസർനാസ്’ ശനിയാഴ്ച അറിയിച്ചു (Indonesia Landslide). ജനുവരി 24-ന് വെസ്റ്റ് ബന്ദുങ് റീജൻസിയിലെ പാസിർ ലാംഗു ഗ്രാമത്തിലാണ് കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായത്. അതിർത്തി രക്ഷാ പരിശീലനത്തിനിടെ ഉരുൾപൊട്ടലിൽപ്പെട്ട 23 നാവികസേനാംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു. കാണാതായ 15 പേർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അടിയന്തര രക്ഷാപ്രവർത്തന കാലാവധി ഫെബ്രുവരി 6 വരെ ഏജൻസി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം സുമാത്രയിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 1,200 പേർ കൊല്ലപ്പെടുകയും പത്തുലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ രാജ്യത്തെ പ്രതിസന്ധിയിലാക്കുമ്പോഴും, ദുരന്ത നിവാരണ ഏജൻസിയായ ബസർനാസിന്റെ ഫണ്ട് പാർലമെന്ററി കമ്മിറ്റി വെട്ടിക്കുറച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
Summary
The death toll from the landslide in Indonesia’s West Java has reached 49, including 23 soldiers, with 15 people still missing. As rescue efforts are extended until February 6, concerns grow over recent funding cuts to the national rescue agency despite a surge in natural disasters.

