കൊല്ലം: തെന്മല പുനർജനി അഭയ കേന്ദ്രത്തിൽ അന്തേവാസികളായ വയോധികർ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, അവരെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിപ്പാർപ്പിച്ചു (Elderly Residents Relocated Thenmala Punarjani). വയോധികർ അഭയ കേന്ദ്രത്തിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സംഭവത്തിൽ അടിയന്തരമായി ഇടപെടുകയും സമഗ്രാന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം ഇനി മുതൽ കൃത്യമായ ഇടവേളകളിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കർശനമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അന്തേവാസികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയ ശേഷമാണ് വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ സാഹചര്യത്തിൽ അവരെ പാർപ്പിച്ചിരുന്നത്. ഒൻപത് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 12 പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഏഴുപേരോളം ഒരു ചെറിയ മുറിയിലാണ് താമസിച്ചിരുന്നത്. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ ഏപ്രിൽ 25-ന് മരണപ്പെട്ടതിന് ശേഷം ഭർത്താവ് ബ്രഹ്മദാസാണ് ഇതിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. നേരത്തെ ഈ സ്ഥാപനത്തിൽ തൂങ്ങിമരണം ഉൾപ്പെടെയുള്ള ദുരൂഹ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപ് ഇവിടെ മരിച്ച അന്തേവാസികളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കും.
Summary: Elderly residents from the Thenmala Punarjani shelter home, who were subjected to severe neglect and abuse, have been relocated to Gandhi Bhavan following a media report exposing their plight. Minister Bindu Krishna has ordered a comprehensive inquiry into the functioning of the institution, ensuring that all similar care homes undergo regular inspections by the Social Justice Department.

