മെക്സിക്കോ സിറ്റി: ഫുട്ബോൾ ലോകം കാത്തിരുന്ന ഫിഫ ലോകകപ്പ് 2026ന് ഇന്ന് ഔദ്യോഗിക തുടക്കമാകും. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ആഘോഷങ്ങൾ ലോകമെമ്പാടുമുള്ള ആരാധകർക്ക് വിരുന്നാകുമെന്നാണ് പ്രതീക്ഷ ( FIFA Opening Ceremony). ആദ്യ ഉദ്ഘാടനച്ചടങ്ങ് മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് മുന്നോടിയായാണ് നടക്കുക. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 10.30നാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. മത്സരത്തിന് ഏകദേശം 90 മിനിറ്റ് മുമ്പ് ആരംഭിക്കുന്ന പരിപാടി 16 മിനിറ്റും 30 സെക്കൻഡും നീണ്ടുനിൽക്കും.
തുടർന്നുള്ള ദിവസങ്ങളിൽ കാനഡയിലും അമേരിക്കയിലും പ്രത്യേക ഉദ്ഘാടന ആഘോഷങ്ങൾ സംഘടിപ്പിക്കും. ടൊറന്റോയിൽ നടക്കുന്ന ചടങ്ങിൽ അലാനിസ് മോറിസെറ്റ്, അലെസിയ കാര, മൈക്കൽ ബുബ്ലെ, ജെസി റെയ്സ്, നോറ ഫത്തേഹി തുടങ്ങിയവർ പങ്കെടുക്കും. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടക്കുന്ന ചടങ്ങ് ഹോളിവുഡ് ശൈലിയിലുള്ള വമ്പൻ ദൃശ്യവിസ്മയമാകുമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.ലോകകപ്പ് 2026ന്റെ ഔദ്യോഗിക ഗാനമായ “ഡായ് ഡായ്” ആദ്യമായി തത്സമയം അവതരിപ്പിക്കപ്പെടും. ലോകപ്രശസ്ത ഗായിക ഷക്കീറയും നൈജീരിയൻ സംഗീതതാരം ബേർണ ബോയിയും ചേർന്നാണ് ഗാനത്തിന് വേദിയിലെത്തുന്നത്.
കൊളംബിയൻ താരം ജെ ബാല്വിൻ, ദക്ഷിണാഫ്രിക്കൻ ഗായിക ടൈല, അലജാൻഡ്രോ ഫെർണാണ്ടസ്, ബെലിൻഡ, ഡാനി ഓഷ്യൻ, ലില ഡൗൺസ്, ലോസ് ആഞ്ചലസ് അസുലസ്, മെക്സിക്കൻ ബാൻഡ് മനാ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഹോളിവുഡ് നടി സൽമ ഹായെക്കും ലോകകപ്പ് അംബാസഡറായി ചടങ്ങിൽ സാന്നിധ്യമറിയിക്കും. ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മുമ്പായി മെക്സിക്കോയുടെ ദേശീയഗാനം അലജാൻഡ്രോ ഫെർണാണ്ടസ് ആലപിക്കും. ദക്ഷിണാഫ്രിക്കയുടെ ദേശീയഗാനം ടൈല അവതരിപ്പിക്കുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. 48 ടീമുകളും 104 മത്സരങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് തുടക്കമാകുമ്പോൾ ഫുട്ബോളും സംഗീതവും സംസ്കാരവും ഒരുമിക്കുന്ന ആഗോള ആഘോഷത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
Summary: The FIFA World Cup 2026 kicks off with a grand opening ceremony in Mexico City, marking the first-ever World Cup jointly hosted by three nations — Mexico, Canada and the United States. Global music stars including Shakira, Burna Boy, J Balvin and Tyla are set to perform, while Hollywood actress Salma Hayek will appear as a tournament ambassador. The expanded tournament will feature 48 teams and 104 matches, making it the largest FIFA World Cup in history.

