ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മാരാരിക്കുളം മുതൽ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. 220.51 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് റെയിൽവേയുടെ പ്രത്യേക വികസന പദ്ധതികളുടെ ഭാഗമായാണ് കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. (Mararikulam Alappuzha Railway Line Doubling Project)
എറണാകുളം – തുറവൂർ – ആലപ്പുഴ – അമ്പലപ്പുഴ – കായംകുളം കോറിഡോറിൽ നിലവിൽ ഒരൊറ്റ വരിപ്പാത മാത്രമായി അവശേഷിക്കുന്ന ഏക ഭാഗമാണ് മാരാരിക്കുളം – ആലപ്പുഴ സെക്ഷൻ. ഈ വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കുമെന്നാണ് റെയിൽവേ വിലയിരുത്തുന്നത്. യാത്രാ ട്രെയിനുകൾക്ക് പുറമെ പ്രതിവർഷം 2.88 ദശലക്ഷം ടൺ ചരക്കുനീക്കം സുഗമമാക്കാനും ഈ പാതയിലൂടെ സാധിക്കും. ഇതിലൂടെ റെയിൽവേയ്ക്ക് പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക അറ്റാദായം ലഭിക്കും. ട്രെയിനുകൾ ക്രോസിംഗിനായി പിടിച്ചിടുന്നത് ഒഴിവാക്കാനും സമയക്രമം പാലിക്കാനും യാത്ര കൂടുതൽ വേഗത്തിലാക്കാനും പുതിയ പാത സഹായിക്കും. ഇന്ത്യൻ റെയിൽവേയുടെ ‘മിഷൻ 3000 എംടി’, ‘ഹൈ ഡെൻസിറ്റി ട്രാഫിക് നെറ്റ്വർക്ക് കോറിഡോർ’ എന്നിവയുടെ കീഴിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക നേട്ടങ്ങൾ വിലയിരുത്തുമ്പോൾ ഫിനാൻഷ്യൽ ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ (FIRR) 3.99 ശതമാനവും എക്കണോമിക് ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ (EIRR) 22.30 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Summary: The Ministry of Railways has approved the 10.65 km railway line doubling project between Mararikulam and Alappuzha under Southern Railway, allocating an estimated budget of ₹220.51 crores. This critical section was the only remaining single-line bottleneck in the busy Ernakulam – Thuravoor – Alappuzha – Ambalappuzha – Kayamkulam corridor.

