കൊച്ചി: ഹൈക്കോടതി ഹാളിൽ വെച്ച് കസ്റ്റഡി കേസിൽ ആറ് വയസ്സുകാരന്റെ അടുത്തെത്തി അനധികൃതമായി സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്താൻ ഉത്തരവിട്ട് ഹൈക്കോടതി. മാതാപിതാക്കൾ തമ്മിലുള്ള കസ്റ്റഡി കേസിന്റെ വാദം നടക്കവെയാണ് ഗൗരവകരമായ ഈ സംഭവം അരങ്ങേറിയത്. ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.(Kerala High Court Orders Probe Into Lawyer Who Attempted To Influence Child In Custody Case)
കോടതിയുടെ നിർദ്ദേശപ്രകാരം മാതാപിതാക്കളിൽ ആർക്കൊപ്പമാണ് പോകാൻ താല്പര്യമെന്ന് ചോദിച്ചറിയാനാണ് അമ്മ കുട്ടിയെ കോടതിയിൽ എത്തിച്ചത്. പിതാവിനോട് കോടതിയിൽ വരരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം കോടതി അങ്കണത്തിൽ തന്നെയുണ്ടായിരുന്നു. കോടതി മുറിയിൽ ഉത്സാഹത്തോടെയിരുന്ന കുട്ടി, ചേംബറിൽ വെച്ച് സംസാരിക്കാൻ നിർദ്ദേശിച്ചതോടെ പെട്ടെന്ന് പരിഭ്രാന്തനാകുകയായിരുന്നു.
കുട്ടിയുടെ ഈ പെട്ടെന്നുള്ള മാറ്റത്തെക്കുറിച്ച് കോടതി ആരാഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കോടതി ഹാളിൽ ഇരിക്കുമ്പോൾ ഒരു അഭിഭാഷകൻ കുട്ടിയുടെ അടുത്തുവരികയും, “അച്ഛൻ താഴെ കാത്തിരിപ്പുണ്ട്” എന്ന് സന്ദേശം കൈമാറുകയും ചെയ്തു. ഈ ഇടപെടൽ കുട്ടിയെ മാനസികമായി തളർത്തുകയും പരിഭ്രാന്തിയിലാക്കുകയും ചെയ്തു. കുട്ടിയുടെ മനോനില മാറിയതോടെ ആർക്കൊപ്പമാണ് പോകാൻ താല്പര്യമെന്ന് ചോദിച്ചറിയാൻ കോടതിക്ക് സാധിച്ചില്ല.
കോടതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നതുമായ നടപടിയാണിതെന്ന് ബെഞ്ച് നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അഭിഭാഷകനെ തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന്, ആ അഭിഭാഷകനെ കണ്ടെത്തുന്നതിനായി രജിസ്ട്രിക്ക് കോടതി കർശന നിർദ്ദേശം നൽകി. കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും.
Story Summary
The Kerala High Court has ordered an investigation to identify a lawyer who allegedly approached a six-year-old child in the courtroom during a custody hearing to deliver a message from his father, violating court orders. The incident caused significant distress to the child, leading the division bench to seek the assistance of the Bar Council and High Court Advocates’ Association to identify the individual responsible for this inappropriate interference in judicial proceedings.

