ഹൈദരാബാദ്: രാം ചരൺ നായകനായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ബിഗ് ബജറ്റ് ചിത്രം ‘പെദ്ദി’ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം (Peddi movie controversy). ചിത്രത്തിലെ നായികയായ ജാൻവി കപൂറിന്റെ കഥാപാത്ര സൃഷ്ടിയും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയുമാണ് പ്രേക്ഷകരെയും സിനിമാ ആസ്വാദകരെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുന്നത്. അങ്ങേയറ്റം സ്ത്രീവിരുദ്ധത നിറഞ്ഞതും സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്യുന്നതുമായ രീതിയിലാണ് ചിത്രത്തിൽ ജാൻവിയുടെ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പ്രധാന വിമർശനം.
ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനത്തതോടെ പരസ്യമായി മാപ്പ് ചോദിച്ച് സംവിധായകൻ ബുച്ചി ബാബു സന രംഗത്തെത്തി. വിമർശനങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുന്നുവെന്നും സിനിമയിലെ വിവാദമായ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
“സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല, ക്ഷമ ചോദിക്കുന്നു…”
“ഒരു ഫിലിം മേക്കർ എന്ന നിലയിൽ സിനിമ എപ്പോഴും പ്രേക്ഷകരെ രസിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് ആരെയും അസ്വസ്ഥപ്പെടുത്താനോ അനാദരവ് കാട്ടാനോ ഉള്ളതാകരുത്. ‘പെദ്ദി’യിലെ ചില രംഗങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സ്ത്രീകളോട് എനിക്ക് അതിയായ ബഹുമാനമാണുള്ളത്. ഒരു സ്ത്രീ കഥാപാത്രത്തെയും അപമാനിക്കണമെന്നോ മോശമായി ചിത്രീകരിക്കണമെന്നോ ഞങ്ങൾക്ക് ലക്ഷ്യമുണ്ടായിരുന്നില്ല. ചിത്രത്തിലെ ഏതെങ്കിലും ഭാഗം അത്തരത്തിൽ ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ആ വികാരങ്ങളെ മാനിച്ചുകൊണ്ട് ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു,” ബുച്ചി ബാബു സന കുറിച്ചു.
പ്രേക്ഷകരുടെ പ്രതികരണങ്ങൾ പരിശോധിച്ച ശേഷം ചിത്രത്തിലെ ചില രംഗങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും, മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളെ ഉൾക്കൊള്ളുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
അതീവ ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തിൽ ജാൻവി കപൂർ എത്തിയിരിക്കുന്നത്. ചിത്രത്തിൽ നായികയുടെ സമ്മതമില്ലാതെ നായകൻ ചുംബിക്കുന്ന രംഗം ഉൾപ്പെടുത്തിയതാണ് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചത്. ഇതിനിടെ, ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് ജാൻവി കപൂർ തന്നെ ലൈക്ക് ചെയ്തെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇത് സിനിമാ ലോകത്തെ വിവാദങ്ങൾക്ക് കൂടുതൽ ചൂടേകിയിരിക്കുകയാണ്.
Story Summary: Director Buchi Babu Sana has issued a public apology following severe backlash over the portrayal of actress Janhvi Kapoor in his newly released movie ‘Peddi’. Responding to criticism regarding misogyny and objectification, the filmmaker confirmed that certain controversial scenes from the Ram Charan starrer will be altered to respect audience sensibilities.

