പ്യോങ്യാങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായി തങ്ങളുടെ വിപുലമായ നാവിക-ആണവശേഷി പ്രദർശിപ്പിച്ച് വടക്കൻ കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ (Kim Jong Un Destroyer Naval Test). കഴിഞ്ഞ വർഷം ലോഞ്ചിങ്ങിനിടെയുണ്ടായ തകരാറിനെത്തുടർന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ 5,000 ടൺ ശേഷിയുള്ള അത്യാധുനിക യുദ്ധക്കപ്പലായ ‘കാങ് കോൺ’ സന്ദർശിച്ച കിം, ഇതിന്റെ സമുദ്ര പരീക്ഷണങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിച്ചു. ശത്രുക്കൾക്ക് കടലിന് മുകളിലും താഴെയും ഒരേപോലെ മാരകമായ പ്രഹരമേൽപ്പിക്കാൻ നാവികസേനയെ സജ്ജമാക്കണമെന്നും ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള നാവിക വ്യൂഹം അതിവേഗം വികസിപ്പിക്കണമെന്നും ഔദ്യോഗിക മാധ്യമമായ കെസിഎൻഎ പുറത്തുവിട്ട റിപ്പോർട്ടിൽ കിം വ്യക്തമാക്കി. കിമ്മിന്റെ കൗമാരക്കാരിയായ മകൾ കിം ജൂ എയും ഈ സന്ദർശനത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പുതിയ അഞ്ച് വർഷത്തെ പ്രതിരോധ പദ്ധതിയുടെ ഭാഗമായി 10,000 ടൺ ക്ലാസ് വിഭാഗത്തിൽപ്പെടുന്ന കൂറ്റൻ യുദ്ധക്കപ്പലുകൾ നിർമ്മിക്കാനും, അതീവ രഹസ്യമായ അണ്ടർവാട്ടർ ആയുധങ്ങൾ വികസിപ്പിക്കാനും ശാസ്ത്രജ്ഞർക്കും സൈന്യത്തിനും കിം നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഷി ജിൻപിങ് വടക്കൻ കൊറിയ സന്ദർശിക്കാനിരിക്കെയാണ് ഈ സൈനിക പ്രകടനം എന്നതും ശ്രദ്ധേയമാണ്. ആണവ ബോംബുകൾക്ക് ആവശ്യമായ ഇന്ധനം ഉത്പാദിപ്പിക്കുന്ന പുതിയ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് രാജ്യം തുറന്നതിന് തൊട്ടുപിന്നാലെയാണ് യുദ്ധക്കപ്പലിന്റെ പരീക്ഷണവും പുറത്തുവിട്ടിരിക്കുന്നത്. ചൈനീസ് പ്രസിഡന്റുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മുൻപ് വടക്കൻ കൊറിയ ഒരു ആണവശക്തിയാണെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പിച്ചു പറയുന്നതിനും, അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കും കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിനുമാണ് കിം ജോങ് ഉന്നിന്റെ ഈ നീക്കങ്ങളെന്ന് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു.
Summary: North Korean leader Kim Jong Un inspected the sea trials of the newly repaired 5,000-ton naval destroyer ‘Kang Kon’ on Thursday, vowing to accelerate the development of a nuclear-armed navy to deliver deadly blows to enemies. Accompanied by his teenage daughter Kim Ju Ae, Kim reviewed the country’s military modernization layout, officially announcing plans to construct massive 10,000-ton-class destroyers and develop secret underwater weapons.

