മുംബൈ: ടെലിവിഷൻ താരങ്ങളായ ഹീന ഖാനും ശില്പ ഷിൻഡെയും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ഒരു നിർമ്മാതാവിനെ കുടുക്കാൻ താൻ പത്ത് വർഷം മുൻപ് വ്യാജ ലൈംഗിക പീഡനക്കേസ് നൽകിയിരുന്നു എന്ന ശില്പയുടെ വെളിപ്പെടുത്തലിനെ ഹീന ഖാൻ പരസ്യമായി വിമർശിച്ചിരുന്നു (Hina Khan on Shilpa Shinde Confession). ഇതിന് പിന്നാലെ ഹീന ഖാന്റെ കാൻസർ പോരാട്ടത്തെയും പിതാവിന്റെ മരണത്തെയും പരോക്ഷമായി പരിഹസിച്ച് ശില്പ ഷിൻഡെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്. തന്റെ പേര് പറഞ്ഞ് പബ്ലിസിറ്റി നേടാൻ നോക്കേണ്ടെന്നും പബ്ലിസിറ്റിക്ക് വേണ്ടി അസുഖങ്ങളും മരണങ്ങളും നിലവിലുണ്ടല്ലോ എന്നും ശില്പ വീഡിയോയിൽ പരിഹസിച്ചിരുന്നു.
ഇതിന് മറുപടിയായി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിയമമന്ത്രിക്കും അയച്ച കടുത്ത പരിഹാസം നിറഞ്ഞ ഒരു കുറിപ്പാണ് ഹീന ഖാൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. “കുറ്റം ചെയ്ത ശേഷം അത് തുറന്നുപറയാൻ ധീരത കാണിച്ച എല്ലാ കുറ്റവാളികളെയും ദയവായി ജയിൽ മോചിതരാക്കണം. കാരണം അവർ പോരാളികളാണ്, സത്യത്തിനൊപ്പം നിൽക്കുന്നവരാണ്” എന്നാണ് ഹീന ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കുറിച്ചത്. സ്ത്രീത്വം ചൂഷണം ചെയ്ത് വ്യാജക്കേസുകൾ നൽകുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും ഇത്തരം കള്ളങ്ങൾക്കെതിരെ സംസാരിച്ചില്ലെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹീന മുൻപ് വ്യക്തമാക്കിയിരുന്നു. വ്യാജക്കേസ് നൽകിയതായി ശില്പ പരസ്യമായി സമ്മതിച്ചതിനെത്തുടർന്ന് അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായുള്ള പുരുഷാവകാശ സംഘടന മുംബൈ പോലീസിനെ സമീപിച്ചിട്ടുണ്ട്.
Summary: The ongoing feud between television actors Hina Khan and Shilpa Shinde has escalated after Shinde took a veiled jibe at Khan’s cancer battle and her father’s demise. In a sharp and sarcastic response via Instagram Stories, Hina Khan tagged the Prime Minister, President, and Law Minister of India, mockingly urging them to “release all criminals who have confessed their crimes” because they possess “courage” and are “fighters.” The conflict began after Hina criticized Shilpa for proudly confessing on a podcast that she had filed a fake sexual harassment case against a producer a decade ago to settle a score.

