ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ 2020-ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ജെഎൻയു മുൻ വിദ്യാർത്ഥിനിയും ആക്ടിവിസ്റ്റുമായ ദേവാംഗന കലിതയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി (Delhi High Court Devangana Kalita Riots Case). കേസിന്റെ വിചാരണയ്ക്ക് മുൻപായി പോലീസിന്റെ പക്കലുള്ള ചില പ്രത്യേക വീഡിയോ ദൃശ്യങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളുടെ പൂർണ്ണരൂപവും തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ദേവാംഗന കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ അധ്യക്ഷയായ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടൊപ്പം, കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടികൾ താൽക്കാലികമായി നിർത്തിവെച്ചുകൊണ്ട് മുൻപ് പുറപ്പെടുവിച്ചിരുന്ന ഇടക്കാല ഉത്തരവ് നീട്ടാനും കോടതി വിസമ്മതിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നത് വരെ സ്റ്റേ നീട്ടണമെന്ന് ദേവാംഗനയുടെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ചതും എന്നാൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്താത്തതുമായ മറ്റ് രേഖകൾ പരിശോധിക്കാൻ ദേവാംഗനയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. 2020 ഫെബ്രുവരിയിലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾ ചിത്രീകരിക്കാൻ ഡൽഹി പോലീസ് ചിലരെ ചുമതലപ്പെടുത്തിയിരുന്നുവെന്നും, താൻ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്ന് തെളിയിക്കാൻ ഈ ദൃശ്യങ്ങൾ സഹായിക്കുമെന്നുമായിരുന്നു ദേവാംഗനയുടെ വാദം. കൂടാതെ, തനിക്കെതിരെ പോലീസ് ഭാഗികമായി മാത്രം ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. 2020-ൽ 53 പേരുടെ മരണത്തിനും എഴുന്നൂറിലധികം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഡൽഹി കലാപക്കേസിൽ ദേവാംഗന കലിത, നടാഷ നർവാൾ, സഫൂറ സർഗർ, മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ എന്നിവരുൾപ്പെടെ നിരവധി പേർക്കെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Summary: The Delhi High Court has dismissed a petition filed by Delhi riots accused Devangana Kalita, who sought directions for the police to provide specific video footages and complete WhatsApp chats related to the 2020 communal violence. Justice Neena Bansal Krishna also refused to extend the interim stay on the trial court’s framing of charges in the larger UAPA conspiracy case. While Kalita argued that the footage would prove she protested peacefully against the CAA and NRC, the court only permitted her a separate request to inspect other unrelated documents in the case.

