ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പാനദിയിൽ മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കുടുങ്ങി (Skeleton Found In Pamba River). മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് ചാക്ക് തുറന്നപ്പോൾ കണ്ടെത്തിയത്. അസ്ഥികൾക്കൊപ്പം താന്ത്രിക കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള പൂജാസാധനങ്ങളും ചാക്കിനുള്ളിൽ ഉണ്ടായിരുന്നു എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ പമ്പയാറ്റിൽ ചൂണ്ടയിട്ടു കൊണ്ടിരുന്ന നാട്ടുകാരുടെ ചൂണ്ടയിലാണ് അസ്വാഭാവികമായ രീതിയിൽ ഒരു ചാക്ക് കുരുങ്ങിയത്.
തുടർന്ന് നദിയിൽ നിന്നും വലിച്ച് കയറ്റി ചാക്ക് തുറന്നു നോക്കിയപ്പോഴാണ് ഉള്ളിൽ തലയോട്ടിയും മനുഷ്യ അസ്ഥികളും കണ്ട് ഇവർ ഞെട്ടിയത്.
പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ ചെങ്ങന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം അസ്ഥികൂട അവശിഷ്ടങ്ങളും ഒപ്പമുണ്ടായിരുന്ന പൂജാസാധനങ്ങളും കസ്റ്റഡിയിലെടുത്തു. ഇത് ഏതെങ്കിലും തരത്തിലുള്ള കൊലപാതകമാണോ അതോ ദുരൂഹമായ മറ്റെന്തെങ്കിലും കർമ്മങ്ങളുടെ ഭാഗമായി ആറ്റിൽ തള്ളിയതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സ്ഥലത്ത് നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
Summary: A skeletal remain, suspected to be human, was found packed inside a sack in the Pamba River at Kallissery in Chengannur. The sack, which also contained ritualistic pooja items, accidentally got caught in the fishing rod of some local residents. The Chengannur police have recovered the skull and bones and announced that the findings will be sent for advanced forensic examination to clear up the mystery.

