ലിസ്ബൺ: വരാനിരിക്കുന്ന 2030-ലെ ഫിഫ ലോകകപ്പിന് പോർച്ചുഗൽ, സ്പെയിൻ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 45 വയസ്സ് തികയും (Cristiano Ronaldo FIFA World Cup 2030). പ്രായം കണക്കിലെടുക്കുമ്പോൾ തന്റെ കരിയറിലെ ഏഴാമത് ലോകകപ്പിൽ റൊണാൾഡോ ബൂട്ടുുകെട്ടാനുള്ള സാധ്യത കുറവാണെന്ന് പലരും വിലയിരുത്തുന്നുണ്ടെങ്കിലും, അതിനെ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പോർച്ചുഗൽ ദേശീയ ടീമിന്റെ ഹെഡ് കോച്ച് റോബർട്ടോ മാർട്ടിനെസ്.
റൊണാൾഡോയ്ക്ക് 2030-ലെ ലോകകപ്പ് കളിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്നും അത്തരമൊരു നേട്ടത്തിന് അവൻ പൂർണ്ണമായും അർഹനാണെന്നും സ്പാനിഷ് റേഡിയോ ചാനലായ കാഡെന സെറിന് നൽകിയ അഭിമുഖത്തിൽ മാർട്ടിനെസ് വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗോ ബാലൺ ഡി ഓറോ പോലുള്ള വലിയ പുരസ്കാരങ്ങളോ നേടിക്കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ കളിയിലുള്ള വിശപ്പ് നഷ്ടപ്പെടുന്ന നിരവധി താരങ്ങളെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ റൊണാൾഡോയുടെ മാനസികാവസ്ഥ തികച്ചും വ്യത്യസ്തമാണെന്നും കോച്ച് കൂട്ടിച്ചേർത്തു.
അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിൽ കളിക്കുന്നതോടെ ആറ് ഫിഫ ലോകകപ്പുകളിൽ പങ്കെടുക്കുന്ന ചരിത്രത്തിലെ ആദ്യ താരങ്ങളെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനയുടെ ലയണൽ മെസ്സിയും സംയുക്തമായി സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. 2003 ഓഗസ്റ്റിൽ 18-ാം വയസ്സിൽ പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ച റൊണാൾഡോ നിലവിൽ 226 മത്സരങ്ങളിൽ നിന്ന് 143 ഗോളുകളുമായി രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമാണ്. 2016-ൽ പോർച്ചുഗലിന് യൂറോ കപ്പ് കിരീടം നേടിക്കൊടുത്ത നായകൻ, തന്റെ കരിയറിന്റെ ദൈർഘ്യം നിലനിർത്തുന്നത് കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവും ശരീര സംരക്ഷണവും കൊണ്ടാണെന്ന് മാർട്ടിനെസ് ഓർമ്മിപ്പിച്ചു. ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഈ വർഷത്തെ ലോകകപ്പിൽ ഗ്രൂപ്പ് കെ-യിലാണ് പോർച്ചുഗൽ മത്സരിക്കുന്നത്. ജൂൺ 17-ന് ഹൂസ്റ്റണിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.
Summary: Portugal national team coach Roberto Martinez stated that no one should doubt Cristiano Ronaldo’s potential to play in the 2030 FIFA World Cup, despite him turning 45 by then. Ronaldo alongside Lionel Messi is set to make history next month by becoming the first players to feature in six World Cups. Martinez praised Ronaldo’s elite longevity, exceptional genetic work ethic, and unmatched mentality compared to other global football stars.

