തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ഐ.ടി ഹബായ തിരുവനന്തപുരം ടെക്നോപാർക്കിലേക്ക് ഇനി കെഫോണിന്റെ (KFON internet Technopark) അതിവേഗ ഇന്റർനെറ്റ് കുതിപ്പ്. ആദ്യഘട്ട പദ്ധതിയുടെ ഭാഗമായി ടെക്നോപാർക്ക് ഫേസ് 1 ലെ പ്രധാന ഐ.ടി കെട്ടിടങ്ങളായ തേജസ്വിനി, പാർക്ക് സെന്റർ, സി-ഡാക് (C-DAC) എന്നിവിടങ്ങളിലാണ് കെഫോൺ കണക്ഷനുകൾ വിജയകരമായി നൽകിത്തുടങ്ങിയത്.
ടെക്നോപാർക്കിലെ ഐ.ടി കമ്പനികൾക്ക് ഒട്ടും തടസ്സമില്ലാത്ത പ്രവർത്തന അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 99.5 ശതമാനം അപ്ടൈം ഗ്യാരണ്ടിയോടെയുള്ള (Uptime Guarantee) ഹൈസ്പീഡ് കണക്റ്റിവിറ്റിയാണ് കെഫോൺ ഇവിടെ ഉറപ്പുനൽകുന്നത്. കമ്പനികളുടെ ആവശ്യാനുസരണം ഉയർന്ന ബാൻഡ്വിഡ്ത്ത് സൗകര്യവും ലഭ്യമാക്കും. ഇതിനുപുറമെ മാനേജ്ഡ് വൈഫൈ സേവനങ്ങൾ, വിപുലമായ നെറ്റ്വർക്ക് സെക്യൂരിറ്റി സംവിധാനങ്ങൾ തുടങ്ങിയ അത്യാധുനിക എന്റർപ്രൈസ് സേവനങ്ങളും കെഫോൺ ടെക്നോപാർക്കിൽ ഒരുക്കുന്നുണ്ട്.
“ഐ.ടി കമ്പനികളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ കൃത്യതയോടെ നിറവേറ്റുന്നതിനാണ് കെഫോൺ അതിവേഗവും വിശ്വാസ്യതയാർന്നതുമായ ഇന്റർനെറ്റ് സേവനങ്ങൾ ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലൂടെ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കാൻ കെഫോണിന് സാധിക്കുന്നുണ്ട്,” എന്ന് കെഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) വ്യക്തമാക്കി.
വളർന്നുവരുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് വലിയ കൈത്താങ്ങാകുന്ന പ്രത്യേക പാക്കേജുകളും കെഫോൺ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കായി ‘ഫൈബർ ടു ദി ഓഫീസ്’ (FTTO), മിനി ലീസ് ലൈൻ സംവിധാനങ്ങൾ എന്നിവ പ്രത്യേക നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് കെഫോൺ അധികൃതർ അറിയിച്ചു.
Story Summary: Kerala’s own internet service provider, KFON, has rolled out high-speed internet connectivity at Technopark, Thiruvananthapuram. In the first phase, connections were enabled in Tejaswini, Park Centre, and C-DAC buildings with a 99.5% uptime guarantee.

