തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി (ED) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 300 സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്ത് പൊലീസ് (ED officials attacked Thiruvananthapuram0. ഇഡി അസിസ്റ്റന്റ് ഡയറക്ടർ സനത് റെഡ്ഡി നൽകിയ ഔദ്യോഗിക മൊഴിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് വധശ്രമത്തിന് (Attempt to Murder) കേസെടുത്തിരിക്കുന്നത്.
പ്രവർത്തകർ മാരകായുധങ്ങളുമായി എത്തി, “കൊല്ലെടാ” എന്ന് ആക്രോശിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥനായ ഡിക്സൻ ഡേവിഡ്, ഡ്രൈവറായ ശ്യാം എന്നിവർക്ക് പരിക്കേറ്റതായും മൊഴിയിലുണ്ട്. കേസിൽ ഡിവൈഎഫ്ഐ നേതാക്കൾ അടക്കം അഞ്ച് പേർ ഇതിനകം പിടിയിലായിട്ടുണ്ട്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത 15 പേരെ കൃത്യമായി തിരിച്ചറിഞ്ഞതായും മ്യൂസിയം പൊലീസ് അറിയിച്ചു.
മുന്നറിയിപ്പില്ലാതെ ഇഡി സംഘം പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനായി തെരുവിലിറങ്ങി കടുത്ത പ്രതിരോധം തീർക്കാൻ സി.പി.എം തീരുമാനിക്കുകയായിരുന്നു. പരിശോധന നടന്ന വസതികളിലേക്ക് രാവിലെ മുതൽ തന്നെ നൂറുകണക്കിന് പ്രവർത്തകർ ഇരച്ചെത്തി. അടിയന്തരമായി ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തതോടെയാണ് തിരുവനന്തപുരത്ത് പിണറായി വിജയൻ താമസിക്കുന്ന വാടകവീട്ടിലേക്ക് പ്രവർത്തകരുടെ വൻ ഒഴുക്കുണ്ടായത്.
പ്രവർത്തകർ റോഡ് പൂർണ്ണമായി ഉപരോധിച്ചതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ അണിനിരന്നു. സംഘർഷം ഒഴിവാക്കാൻ ഇഡി സംഘത്തെ മറ്റൊരു വഴിയിലൂടെ മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ അവിടെയും പ്രതിഷേധം തുടരുകയായിരുന്നു. ഒടുവിൽ പരിശോധന പൂർത്തിയാക്കി ഇഡി സംഘം പുറത്തിറങ്ങിയതോടെ വാഹനങ്ങൾക്ക് നേരെ ചാടിവീണ പ്രവർത്തകർ പരക്കെ അക്രമം അഴിച്ചുവിടുകയായിരുന്നു.
തിരുവനന്തപുരത്തിന് പുറമെ കണ്ണൂരിലെ പിണറായിയുടെ തറവാട്ടു വീട്ടിലേക്കും, കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിന്റെ വസതിയിലേക്കും ഇതേ സമയം പ്രതിഷേധം ഇരച്ചെത്തിയിരുന്നു. പിണറായി വിജയനെതിരെയുള്ള കേന്ദ്ര അന്വേഷണ ഏജൻസിയുടെ നീക്കത്തെ പാർട്ടിക്കെതിരെയുള്ള നേരിട്ടുള്ള ആക്രമണമായി കണ്ട് ശക്തമായി പ്രതിരോധിക്കാനാണ് സി.പി.എം തീരുമാനം. വരും ദിവസങ്ങളിലും ഇഡിക്കെതിരെയുള്ള പ്രതിഷേധം തെരുവിൽ തുടരാനാണ് പാർട്ടി കോൺഗ്രസ് ലക്ഷ്യമിടുന്നത്.
Story Summary: The Kerala Police have registered an attempt-to-murder case against 300 identifiable CPM workers following a violent attack on ED officials in Thiruvananthapuram. According to ED Assistant Director Sanath Reddy’s statement, the mob with weapons cornered the vehicles chanting “kill them,” injuring officer Dixon David and driver Shyam.

