Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKerala'നീതി ലഭിച്ചു, സത്യം വിജയിച്ചു, പുതിയ സർക്കാരിനോട് എത്ര നന്ദി പറഞ്ഞാലും...

‘നീതി ലഭിച്ചു, സത്യം വിജയിച്ചു, പുതിയ സർക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’: ദുരിതമനുഭവിച്ച അതേ മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ച് ഹർഷിന | Harshina Kozhikode Medical College

🎙️ Latest Podcast

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി കഠിനമായ ശാരീരിക-മാനസിക ദുരിതമനുഭവിച്ച കെ.കെ. ഹർഷിന കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ തന്നെ സർക്കാർ ജോലിയിൽ പ്രവേശിച്ചു. തനിക്ക് ഒടുവിൽ നീതി ലഭിച്ചെന്നും സത്യം വിജയിച്ചെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. മരണം മുന്നിൽ കണ്ട് ഇനി ഒരു ജീവിതം ഉണ്ടാകുമോ എന്ന് ചിന്തിച്ച സന്ദർഭത്തിൽ നിന്നാണ് താൻ ഈ പുതിയ ജീവിതത്തിലേക്ക് തിരിച്ചുകയറിയതെന്നും അവർ വ്യക്തമാക്കി.(Harshina Kozhikode Medical College Scissors Case Joins Government Job Chief Minister VD Satheesan)

തന്റെ നാല് വർഷത്തെ നീണ്ട പോരാട്ടത്തിന്റെ വിജയമാണിതെന്ന് ഹർഷിന പറഞ്ഞു. മനസ്സിന് ഒരുപാട് സന്തോഷവും സമാധാനവുമുള്ള ദിവസമാണിന്ന്. ഇതുവരെ ‘കൂടെയുണ്ട് കൂടെയുണ്ട്’ എന്ന് വെറുതെ പറഞ്ഞ് തന്നെ അവഗണിച്ചവർക്കുള്ള ശക്തമായ മറുപടിയാണിത്. ജാതിയും മതവും രാഷ്ട്രീയവുമൊന്നും നോക്കാതെ എന്റെ വേദന മനസ്സിലാക്കി കൂടെനിന്ന് പൊരുതിയ ഒരുപാട് നല്ല മനുഷ്യരുടെ വിജയമാണിത്, ഹർഷിന കൂട്ടിച്ചേർത്തു. താൻ പരാതി നൽകിയ അതേ ആശുപത്രിയിൽ തന്നെ ജോലിക്ക് കയറുന്നതിൽ യാതൊരുവിധ ആശങ്കയുമില്ലെന്നും ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും നീതിക്ക് വേണ്ടി മാത്രമായിരുന്നു പോരാട്ടമെന്നും അവർ വ്യക്തമാക്കി.

പുതിയ സർക്കാരിനോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് ഹർഷിന മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ മുതൽ തന്റെ വിഷയം ഏറ്റെടുത്ത ആളാണ് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ എന്ന് അവർ അനുസ്മരിച്ചു. ഇന്നലെ കണ്ടപ്പോഴും അദ്ദേഹം എന്നോട് പറഞ്ഞു, അതെല്ലാം തീരുമാനിച്ച് കഴിഞ്ഞതല്ലേ, ഞാനല്ലേ ഇത് ഏറ്റെടുത്തത് എന്ന്. കേരളത്തിലെ ഓരോ ആളുകളും ആഗ്രഹിച്ച, ജനങ്ങളുടെ കൂടെ നിൽക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം, ഹർഷിന പറഞ്ഞു.

പുതിയ ആരോഗ്യ മന്ത്രി കെ. മുരളീധരനെക്കുറിച്ചും അവർസംസാരിച്ചു. കൂടെയുണ്ടെന്ന് വെറുതെ പറയുകയല്ല, പറയാതെ തന്നെ കൂടെ നിന്നയാളാണ് ആരോഗ്യ മന്ത്രി മുരളീധരൻ. ഞാൻ ആവശ്യം പറയുന്നതിന് മുൻപ് തന്നെ അദ്ദേഹം എനിക്ക് ജോലി തന്നു, അതിനുള്ള ഉത്തരവ് ഉടനടി നൽകി. കൂടാതെ എന്റെ തുടർചികിത്സാ കാര്യങ്ങൾ മുഖ്യമന്ത്രി പേഴ്‌സണലായി ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ നൽകുന്ന നഷ്ടപരിഹാര തുകയിൽ നിന്ന് ഒരു രൂപ പോലും ചികിത്സയ്ക്കായി ചെലവാക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി എനിക്ക് ഉറപ്പ് നൽകിയിരിക്കുന്നത്, ഹർഷിന വികാരാധീനയായി പറഞ്ഞു.

Story Summary

Harshina, who suffered for years after scissors were left in her stomach during a delivery surgery at Kozhikode Medical College, has joined duty at the same institution. She expressed gratitude to Chief Minister VD Satheesan and Health Minister K Muralidhiran for granting her justice and a government job.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.