ചെങ്ങന്നൂർ: പമ്പാനദിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി (Pamba river accident). ചെങ്ങന്നൂർ ഐഎച്ച്ആർഡി (IHRD) എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ജോയൽ ആന്റണി പ്രകാശ് (20) ആണ് മരണപ്പെട്ടത്. മണിമല കറിക്കാട്ടൂർ വയലിൽ ജയപ്രകാശിന്റെ മകനാണ്.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ പമ്പാ നദിയിലെ മംഗലം പാറക്കടവിലായിരുന്നു അപകടം സംഭവിച്ചത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം നദിയിൽ കുളിക്കാനിറങ്ങിയ ജോയൽ, നീന്തുന്നതിനിടയിൽ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്സിന്റെ സ്കൂബ ടീമും പോലീസും നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെളിച്ചക്കുറവും കാരണം കണ്ടെത്താനായിരുന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ വീണ്ടും ആരംഭിച്ച തിരച്ചിലിനൊടുവിൽ പത്തരയോടെയാണ് ജോയലിന്റെ മൃതദേഹം വനപ്രദേശത്തിന് സമീപത്തെ കയത്തിൽ നിന്നും കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Story Summary: The body of Joel Antony Prakash, a 20-year-old engineering student who went missing after being swept away by strong currents in the Pamba River, was recovered on Saturday morning. The tragic incident occurred at Mangalam Parakkadavu in Chengannur on Friday evening.

