കൊച്ചി: ദക്ഷിണേന്ത്യയിലെ 72 ശതമാനം ആളുകളും ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമത്തിന് (Balanced Diet) മുൻഗണന നൽകുന്നതായി മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ (Manipalcigna india health quotient 2026) ‘ഇന്ത്യ ഹെൽത്ത് കോഷ്യന്റ് 2026’ (India Health Quotient 2026) പഠനം വ്യക്തമാക്കുന്നു. പട്ടികയിൽ ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളാണ് 75 ശതമാനത്തോടെ ഏറ്റവും മുന്നിൽ നിൽക്കുന്നത്.
കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ 16 പ്രധാന നഗരങ്ങളിലെ താമസക്കാരെ ഉൾപ്പെടുത്തിയാണ് പഠനം തയ്യാറാക്കിയത്. ഇന്ത്യയുടെ ആകെ ആരോഗ്യ സ്‌കോർ 100-ൽ 65 ആയി രേഖപ്പെടുത്തിയപ്പോൾ ദക്ഷിണേന്ത്യയുടെ മൊത്തത്തിലുള്ള സ്‌കോർ 63 ആണ്.
നഗര ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ശാരീരിക ആരോഗ്യത്തിന് (Physical Health) 68 പോയിന്റ് ലഭിച്ചപ്പോൾ സാമ്പത്തിക ആരോഗ്യം (Financial Health) 62 പോയിന്റുമായി ഏറ്റവും പിന്നിലായി. ഭക്ഷണരീതിയിൽ മുന്നിലാണെങ്കിലും ദക്ഷിണേന്ത്യക്കാർക്കിടയിൽ മാനസികാരോഗ്യ വെല്ലുവിളികൾ തുടരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പഠനത്തിൽ പങ്കെടുത്ത 49 ശതമാനം പേർക്ക് മാത്രമാണ് മികച്ച ശ്രദ്ധയും മനഃശക്തിയും അനുഭവപ്പെടുന്നത്. പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ 47 ശതമാനം പേർക്ക് മാത്രമാണ് ആത്മവിശ്വാസമുള്ളത്.
ഹെൽത്ത് ഇൻഷുറൻസ് ഉള്ളവരുടെ മൊത്തത്തിലുള്ള ആരോഗ്യ-ക്ഷേമനില ഇൻഷുറൻസ് ഇല്ലാത്തവരേക്കാൾ ഉയർന്നതാണെന്ന് പഠനം അടിവരയിടുന്നു. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് 100-ൽ 68 സ്‌കോർ ലഭിച്ചപ്പോൾ ഇൻഷുറൻസ് ഇല്ലാത്തവർക്ക് 62 പോയിന്റ് മാത്രമാണ് നേടാനായത്. ശാരീരിക, മാനസിക, സാമ്പത്തിക മേഖലകളിലെല്ലാം ഇൻഷുറൻസ് ഉള്ളവർ മുന്നിട്ടുനിൽക്കുന്നു.
ഭക്ഷണക്രമത്തിൽ ദക്ഷിണേന്ത്യ മുന്നിലാണെങ്കിലും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ സപ്ന ദേശായ് പറഞ്ഞു. സാമ്പത്തിക ഭദ്രതയ്ക്കും വ്യക്തിഗത ക്ഷേമത്തിനും ഹെൽത്ത് ഇൻഷുറൻസ് സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Story Summary:
The ‘India Health Quotient 2026’ study by ManipalCigna Health Insurance reveals that 72% of South Indians prioritize a healthy diet, with Bengaluru and Hyderabad leading at 75%. However, challenges in mental health and financial well-being persist.


