ബെംഗളൂരു: ബെംഗളൂരു മഡിവാളയിൽ മലയാളി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ കേസിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും വ്യാജ ഹണി ട്രാപ്പ് കേസിൽ കുടുക്കാൻ പ്രതിയുടെ ശ്രമം (Madiwala Rape Case). തനിക്കെതിരെ പെൺകുട്ടിയുടെ നേതൃത്വത്തിൽ ഹണി ട്രാപ്പ് നീക്കം നടക്കുന്നുവെന്ന് കാട്ടി പ്രതിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് ഒളിവിൽ പോകുന്നതിന് മുൻപ് മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഫേ വില്പനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ മറയാക്കിയായിരുന്നു പ്രതിയുടെ ഈ നീക്കം. മഡിവാള പൊലീസ് കേസെടുക്കാൻ മടിച്ചതിനെ തുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോർത്ത് ഡിസിപിയെ സമീപിച്ചപ്പോഴാണ് തങ്ങൾക്കെതിരെ പ്രതി നൽകിയ വ്യാജ പരാതിയെക്കുറിച്ച് അറിയുന്നത്. പ്രതിയുടെ പരാതിയിൽ പൊലീസ് നിലവിൽ കേസെടുത്തിട്ടില്ല.
മെയ് 12-നാണ് ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തുടർന്ന് മെയ് 13-ന് രാവിലെ പരാതിയുമായി സ്റ്റേഷനിലെത്തിയ പെൺകുട്ടിയെയും സുഹൃത്തുക്കളെയും രാത്രി 11 മണി വരെ സ്റ്റേഷനിൽ ഇരുത്തിച്ചതായും കേസ് ഒത്തുതീർപ്പാക്കാൻ പൊലീസുകാർ തന്നെ സമ്മർദ്ദം ചെലുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തി. പഠനത്തോടൊപ്പം സുഹൃത്തുക്കളുടെ കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന പെൺകുട്ടിയെ, കഫേ വില്പനയുടെ ഇടനിലക്കാരനായി എത്തിയ ഹൈനസ് മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി കേരളത്തിലേക്ക് കടന്നതായാണ് സൂചന. അതേസമയം പരാതിക്കാരായ പെൺകുട്ടിയെയും സുഹൃത്തുക്കളെയും ലഹരിക്കേസുകളിൽ ഉൾപ്പെടുത്താനും നീക്കങ്ങൾ നടക്കുന്നതായി ആക്ഷേപമുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ഇവരുടെ താമസസ്ഥലത്തെത്തിയ പൊലീസ് മഫ്തിയിലെത്തി വ്യക്തിവിവരങ്ങൾ അന്വേഷിച്ചതായും എപ്പോൾ വേണമെങ്കിലും തങ്ങൾ കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന ഭീതിയിലാണെന്നും പെൺകുട്ടിയും സുഹൃത്തുക്കളും ആശങ്കപ്പെടുന്നു.
Summary: In a shocking turn of events in the Madiwala rape case involving a Malayali college student, the accused, Highness from Wayanad, reportedly attempted to trap the survivor and her friends in a fake honey trap case before going missing. The victim learned of this counter-complaint only after approaching the Bengaluru North DCP, following severe non-cooperation and settlement pressure from the local Madiwala police.

