ന്യൂഡൽഹി: ഇന്ത്യയിലെയും യൂറോപ്പിലെയും ഫിറ്റ്നസ് സെന്ററുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയിൽ താമസിക്കുന്ന സാന്ദ്ര ഓൺ എന്ന യുക്രൈൻ യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Indian Gyms vs European Gyms Hospitality). ഇന്ത്യൻ ജിമ്മുകളിലെ ഊഷ്മളമായ സ്വീകരണവും ജീവനക്കാരുടെ മികച്ച പെരുമാറ്റവും തന്നെ ഏറെ അത്ഭുതപ്പെടുത്തിയതായി സാന്ദ്ര പറയുന്നു. കേവലം ഒരു ബിസിനസ്സ് സ്ഥാപനം എന്നതിനപ്പുറം ആളുകളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്ന അന്തരീക്ഷമാണ് ഇന്ത്യയിലെ ജിമ്മുകളിലുള്ളത്. യൂറോപ്പിൽ ജിമ്മിൽ വരുന്നവർ ആരുമായും അധികം സംസാരിക്കാതെ സ്വന്തം വർക്കൗട്ടുകൾ മാത്രം ചെയ്ത് മടങ്ങുന്നവരാണെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ ജിമ്മുകളിൽ പ്രവേശിക്കുമ്പോൾ തന്നെ ജീവനക്കാർ ഏറെ സൗഹൃദത്തോടെയാണ് പെരുമാറുന്നത്. വർക്കൗട്ടുകൾക്കിടയിൽ സഹായിക്കാനായി പ്രത്യേകം അസിസ്റ്റന്റുമാർ ഇവിടെയുണ്ട്. ബാത്റൂമുകൾ വൃത്തിയാക്കാനും ഫ്ലോർ പരിപാലിക്കാനും പ്രത്യേകം ആളുകളുണ്ട്. യൂറോപ്പിൽ വ്യക്തിഗത പരിശീലനത്തിനായി വലിയ തുക മുൻകൂട്ടി നൽകാതെ ട്രെയിനർമാരോട് സംശയങ്ങൾ പോലും ചോദിക്കാൻ കഴിയില്ല. എന്നാൽ ഇന്ത്യയിൽ ട്രെയിനർമാർ പണം ആവശ്യപ്പെടാതെ തന്നെ വ്യായാമ മുറകൾ തെറ്റായ രീതിയിൽ ചെയ്യുമ്പോൾ അത് തിരുത്തിത്തരാൻ മുന്നോട്ട് വരാറുണ്ട്.
എന്നാൽ യൂറോപ്യൻ ജിമ്മുകളെ അപേക്ഷിച്ച് ഇന്ത്യയിൽ സ്ത്രീ-പുരുഷ അനുപാതത്തിൽ വലിയ വ്യത്യാസമുണ്ടെന്ന് സാന്ദ്ര പറയുന്നു. യൂറോപ്പിൽ ജിമ്മുകളിൽ സ്ത്രീകളും പുരുഷന്മാരും ഒരേ അളവിലാണെങ്കിൽ, ഇന്ത്യയിലെ ജിമ്മുകളിൽ ഭൂരിഭാഗവും പുരുഷന്മാരാണ് ഉള്ളത്. ഒരു വിദേശ യുവതി എന്ന നിലയിൽ തുടക്കത്തിൽ ഇത് അല്പം ഭയമുണ്ടാക്കിയെങ്കിലും, നല്ലൊരു ജിം കണ്ടെത്തിയതോടെ ആ ചിന്ത മാറിയതായും സാന്ദ്ര വ്യക്തമാക്കി. 7 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ ഇന്ത്യൻ ജിമ്മുകൾ കേവലം വ്യായാമത്തിനുള്ള സ്ഥലം മാത്രമല്ല, അതൊരു കൂട്ടായ്മ (Community) കൂടിയാണെന്ന് നിരവധി ഇന്ത്യക്കാർ കമന്റ് ചെയ്യുന്നുണ്ട്.
View this post on Instagram

