ബെയ്ജിങ്: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബെയ്ജിങ് സന്ദർശനം പൂർത്തിയായി തൊട്ടുപിന്നാലെ, റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ചൈനയിലെത്തുന്നു. ചൊവ്വാഴ്ച ചൈനീസ് തലസ്ഥാനത്ത് എത്തുന്ന പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി അതീവ നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും.(Russian President Vladimir Putin to Visit China After Donald Trump To Discuss US Iran War)
മിഡിൽ ഈസ്റ്റിൽ യു.എസ്-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പോന്ന ഈ നേതാക്കളുടെ ചൈനീസ് സന്ദർശനം. ഇറാൻ യുദ്ധം തന്നെയായിരുന്നു ഡൊണാൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനത്തിലെയും പ്രധാന അജണ്ട. ഇതിന് തൊട്ടുപിന്നാലെ പുടിൻ എത്തുമ്പോൾ, ഇറാൻ വിഷയത്തിൽ റഷ്യയും ചൈനയും സ്വീകരിക്കേണ്ട പൊതുവായ നയതന്ത്ര നിലപാടുകളെക്കുറിച്ചാകും ഇരുനേതാക്കളും പ്രധാനമായും സംസാരിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആഗോളതലത്തിൽ വലിയ സാമ്പത്തിക-സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിപുലമായ ഒരു അജണ്ടയാണ് പുടിന്റെ സന്ദർശനത്തിന് മുന്നിലുള്ളത്. യു.എസ്-ഇറാൻ സൈനിക നീക്കങ്ങൾ കാരണം ആഗോള എണ്ണ വിതരണ ശൃംഖലയിലുണ്ടായ കടുത്ത തടസ്സങ്ങളും വിപണിയിലെ വിലക്കയറ്റവും. ട്രംപ് ഭരണകൂടം യുക്രൈൻ യുദ്ധത്തിനുള്ള സൈനിക-സാമ്പത്തിക സഹായങ്ങളിൽ നിന്ന് പിൻവാങ്ങുന്ന പശ്ചാത്തലത്തിലെ പുതിയ റഷ്യൻ തന്ത്രങ്ങൾ. ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ അമേരിക്കൻ വിദേശനയങ്ങളെ ബീജിങ്ങും മോസ്കോയും എങ്ങനെ സംയുക്തമായി പ്രതിരോധിക്കണം എന്നതിനെക്കുറിച്ചുള്ള ആലോചനകൾ. യു.എസ്-ഇറാൻ സംഘർഷം ലഘൂകരിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും ചൈനയ്ക്കും റഷ്യയ്ക്കും വഹിക്കാനാകുന്ന മധ്യസ്ഥത എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
രണ്ട് പതിറ്റാണ്ടിലധികം നീണ്ട തന്റെ ഭരണകാലയളവിൽ വ്‌ലാദിമിർ പുടിൻ നടത്തുന്ന 25-ാമത് ചൈന സന്ദർശനമാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ മാത്രം ഷി ജിൻപിംഗും പുടിനും തമ്മിൽ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഔദ്യോഗിക സന്ദർശനമായതിനാൽ, കഴിഞ്ഞ ദിവസം ട്രംപിന് നൽകിയതുപോലെ തന്നെ ചുവപ്പ് പരവതാനിയും സൈനിക ബാൻഡും ഉൾപ്പെടെയുള്ള അതിപ്രൗഢമായ സ്വീകരണമാണ് പുടിനായും ചൈന ഒരുക്കിയിരിക്കുന്നത്.
Story Summary
Russian President Vladimir Putin arrives in Beijing following US President Donald Trump’s visit, shifting the global diplomatic focus onto China amid the ongoing US-Iran war. Putin and Chinese President Xi Jinping will hold critical talks on formulating a joint stance on the Middle East crisis, global oil supply disruptions, and navigating Trump’s foreign policy on Ukraine.

