തിരുവനന്തപുരം: മുനമ്പത്തെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളികൾ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങളിൽ ഇതുവരെ കണ്ണടച്ചിരുട്ടാക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് ലത്തീൻ സഭ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പെരേര (Fr Eugene Pereira Latin Archdiocese Trivandrum). മുഖ്യമന്ത്രിയുമായി നടത്തിയ സുപ്രധാന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരപ്രദേശങ്ങളിൽ ഓരോ വർഷകാലത്തും അപകടങ്ങൾ വർദ്ധിച്ചുവരികയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായതിന് ശേഷം കടലിന്റെ സ്വാഭാവിക സ്ഥിതിയിലും ഒഴുക്കിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. കടലിൽ മികച്ച പരിചയസമ്പത്തുള്ള ആരോഗ്യമുള്ള മത്സ്യത്തൊഴിലാളികൾ പോലും അപ്രതീക്ഷിതമായ കടൽച്ചുഴിയിൽ പെട്ടുപോകുന്ന ഭീതിജനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികളുടെ യഥാർത്ഥ പ്രശ്നങ്ങളും അവരുടെ ജീവനോപാധികളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന ഒരാളായിരിക്കണം ഫിഷറീസ് മന്ത്രിയാകേണ്ടതെന്ന ആവശ്യം സഭയ്ക്ക് മുൻപേ ഉണ്ടായിരുന്നു. ഇത് കൃത്യമായി ഉത്തരവാദിത്തപ്പെട്ട ആളുകളെ അറിയിച്ചിരുന്നതുമാണ്. എന്നാൽ മന്ത്രിസഭ രൂപീകരണ വേളയിലുണ്ടായ ചില അന്തർനാടകങ്ങൾ കാരണം ഈ ആവശ്യം അന്ന് പരിഗണിക്കപ്പെട്ടില്ലെന്ന് ഫാ. യൂജിൻ പെരേര തുറന്നടിച്ചു.
മുതലപ്പൊഴി ഹാർബറിൽ മാത്രം ഇതിനകം 86-ഓളം മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടാൻ കാരണം ഭരണചക്രം തിരിക്കുന്നവർക്ക് കടലിന്റെ ഒഴുക്കിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതുകൊണ്ടാണ്. ഇത്തരം സങ്കീർണ്ണമായ സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും അറിവുമുള്ള വ്യക്തിയായിരിക്കണം ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ വളരെ പോസിറ്റീവായാണ് കാണുന്നതെന്ന് ഫാ. യൂജിൻ പെരേര വ്യക്തമാക്കി. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ മുഖ്യമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ, മത്സ്യത്തൊഴിലാളികളുടെ മനസ്സറിയുന്ന രീതിയിലേക്ക് ഉദ്യോഗസ്ഥരിലും ഭരണസംവിധാനത്തിലും കൃത്യമായ മാറ്റം സൃഷ്ടിക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary : Latin Archdiocese Vicar General Fr. Eugene Pereira criticized the authorities for ignoring the severe issues faced by fishermen in Munambam and Vizhinjam. Speaking after a meeting with the Chief Minister, he stated that coastal accidents are rising due to changes in sea currents post-Vizhinjam port construction. He emphasized that the Fisheries Minister should deeply understand the sea and fishermen’s struggles, pointing out that 86 lives were lost in Muthalapozhi due to a lack of administrative awareness. However, he described the meeting with the CM as positive.

