ആലപ്പുഴ: മൂന്ന് തുടർപരാജയങ്ങൾ… മത്സരരംഗത്ത് ഇനിയൊരു അവസരമുണ്ടാകുമോ എന്ന് പോലും സംശയിച്ച രാഷ്ട്രീയ സാഹചര്യങ്ങൾ… ഒടുവിൽ പാർട്ടി നിർദ്ദേശപ്രകാരം വീണ്ടും കായംകുളത്ത് മത്സരത്തിനിറങ്ങിയപ്പോൾ വോട്ടർമാർക്ക് മുന്നിൽ വിതുമ്പിപ്പോയ നിമിഷങ്ങൾ. എന്നാൽ ആ കണ്ണീരിന് കായംകുളത്തെ ജനങ്ങൾ നൽകിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും മന്ത്രിക്കസേരയുമാണ്. കഠിനമായ പരാജയങ്ങൾക്ക് ശേഷം എം. ലിജു നേടിയ ഈ വൻ വിജയത്തിന്റെ മധുരം അതുകൊണ്ടുതന്നെ ഇരട്ടിയാണ്.(M Liju Minister, From Three Consecutive Defeats To Kerala Cabinet Minister Historic Kayamkulam Victory)
1994-ൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് എം. ലിജു തന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ക്യാമ്പസുകളിൽ ആവേശം പടർത്തിയ കെ.എസ്.യു കാലഘട്ടം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിജു ദേശീയ ശ്രദ്ധ നേടുന്നത്.
ഈ പ്രവർത്തന പരിചയം ലിജുവെന്ന രാഷ്ട്രീയ നേതാവിനെ കൂടുതൽ പരുവപ്പെടുത്തി. തുടർന്ന് ആലപ്പുഴ ഡി.സി.സി അധ്യക്ഷ പദവിയിലേക്കും അദ്ദേഹം ഉയർന്നു. കെ. സുധാകരന് കീഴിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായപ്പോൾ പാർട്ടി പ്രവർത്തനങ്ങളിൽ കർശനമായ അച്ചടക്കവും ചട്ടക്കൂടും കൊണ്ടുവരാൻ ലിജു ഏറെ പ്രയത്നിച്ചു. തന്റെ 32-ാം വയസ്സിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.എമ്മിന്റെ കരുത്തനായ നേതാവ് ജി. സുധാകരനോട് പരാജയപ്പെട്ടുകൊണ്ടാണ് ലിജുവിന്റെ നിയമസഭാ പോരാട്ട ചരിത്രം ആരംഭിക്കുന്നത്. തോൽവി മുന്നിൽക്കണ്ട കടുത്ത പോരാട്ടങ്ങളിലൊക്കെയും പാർട്ടി പറഞ്ഞതനുസരിച്ച് ലിജു മത്സരരംഗത്തിറങ്ങി. അങ്ങനെ അമ്പലപ്പുഴയിൽ രണ്ടുതവണയും കായംകുളത്ത് രണ്ടുതവണയുമായി നാല് തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു.
ചരിത്ര വിഷയങ്ങളിലെ പരന്ന വായനയും സാഹിത്യത്തോടുള്ള ഇഷ്ടവും ലിജുവിന്റെ വ്യക്തിത്വത്തെ എപ്പോഴും വേറിട്ടുനിർത്തുന്നു. ചാനൽ ചർച്ചകളിൽ അനാവശ്യ ബഹളങ്ങളില്ലാതെ, കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങളോടെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന സംവാദകനാണ് അദ്ദേഹം.
Story Summary
After facing three consecutive electoral defeats, M Liju secured a historic landslide victory in Kayamkulam to enter the new UDF cabinet as a minister. Rising from KSU and Youth Congress leadership, his perseverance and strategic growth under key Congress factions have led him to the state ministry.

