പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി (Mamata Banerjee TMC Defeat). കൊൽക്കത്ത കാളിഘട്ടിലെ തന്റെ വസതിയിൽ വെച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി സ്ഥാനാർത്ഥികളുമായി നടത്തിയ അടിയന്തര യോഗത്തിലാണ് മമത കടുത്ത നിലപാട് വ്യക്തമാക്കിയത്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പങ്കെടുത്ത യോഗത്തിൽ, സംഘടനയെ താഴേത്തട്ടിൽ നിന്ന് പുതിയതായി കെട്ടിപ്പടുക്കുമെന്നും ജനവിധി അട്ടിമറിക്കപ്പെട്ടതാണെന്നും മമത ബാനർജി ആരോപിച്ചു.
മറ്റ് പാർട്ടികളിലേക്ക് പോകാൻ നിൽക്കുന്നവർ പൊയ്ക്കൊള്ളട്ടെയെന്നും താൻ പാർട്ടിയെ പുതുതായി കെട്ടിപ്പടുക്കുമെന്നും മമത യോഗത്തിൽ പറഞ്ഞു. പാർട്ടിയിൽ തുടരുന്നവർ തകർന്ന ഓഫീസുകൾ പെയിന്റടിച്ച് വീണ്ടും തുറക്കണമെന്നും ആവശ്യമെങ്കിൽ താനും പെയിന്റടിക്കാൻ കൂടെയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസ് ഒരിക്കലും ആർക്കും മുന്നിൽ തലകുനിക്കില്ലെന്നും അവർ വ്യക്തമാക്കി. പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് നേതാക്കളുടെ കൂറുമാറ്റ സാധ്യത മുന്നിൽക്കണ്ട് മമതയുടെ ഈ പ്രതികരണം.
സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളിൽ വെറും 80 സീറ്റുകൾ മാത്രമാണ് ഇത്തവണ തൃണമൂൽ കോൺഗ്രസിന് നേടാനായത്. ഭരണകക്ഷിയിൽ നിന്നും പ്രതിപക്ഷ നിരയിലേക്ക് പാർട്ടി ചുരുക്കപ്പെട്ട ഈ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ സ്വന്തം കോട്ടയായ ഭവാനിപൂരിലും അവർക്ക് പരാജയം നേരിടേണ്ടി വന്നു. മത്സരിച്ച 291 സ്ഥാനാർത്ഥികളിൽ പ്രമുഖ നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ 211 പേരും പരാജയപ്പെട്ടു. പ്രതികൂല സാഹചര്യത്തിലും ശക്തമായി പോരാടിയ സ്ഥാനാർത്ഥികളെ അഭിനന്ദിച്ച പാർട്ടി നേതൃത്വം, ജനവിധി കൊള്ളയടിച്ചവർക്ക് മുന്നിൽ വഴങ്ങില്ലെന്നും തൃണമൂൽ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഔദ്യോഗികമായി അറിയിച്ചു.
Summary: Following Trinamool Congress’ (TMC) crushing defeat in the West Bengal assembly elections, party supremo Mamata Banerjee asserted that those wishing to leave the party are free to do so. Speaking at a meeting with contesting candidates at her Kalighat residence, alongside National General Secretary Abhishek Banerjee, she vowed to rebuild the organisation from scratch. The TMC, which was reduced to the opposition after winning just 80 out of 294 seats, claimed the mandate was “stolen,” while Mamata herself suffered a shocking defeat in her bastion, Bhabanipur.

