ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീണുപോയ ഇൻഡോനേഷ്യൻ യുവതിയുടെ ദുപ്പട്ട, സ്വന്തം ജീവൻ പോലും വകവെക്കാതെ ട്രാക്കിലേക്ക് ചാടി വയോധികൻ വീണ്ടെടുത്ത് നൽകുകയായിരുന്നു (Indian Man Saves Dupatta Viral Video). ഡിജിറ്റൽ ക്രിയേറ്ററായ ഇൻഡഹ എന്ന യുവതി പങ്കുവെച്ച വീഡിയോ ഇതിനോടകം 4 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ വാതിലിന് അരികിൽ നിന്ന് ക്യാമറ കൈകാര്യം ചെയ്യുന്നതിനിടയിലാണ് യുവതിയുടെ ദുപ്പട്ട അബദ്ധത്തിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീണത്. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന യുവതിക്ക് അരികിലേക്ക് എത്തിയ വയോധികൻ, ഉടൻ തന്നെ ട്രാക്കിലേക്ക് ഇറങ്ങുകയും ദുപ്പട്ട എടുത്ത് നൽകുകയുമായിരുന്നു. ദുപ്പട്ട നൽകിയ ശേഷം നന്ദി പ്രകടനത്തിന് പോലും കാത്തുനിൽക്കാതെ അദ്ദേഹം അവിടെ നിന്നും നടന്നുപോയി.
View this post on Instagram
1998-ലെ ‘കുച്ച് കുച്ച് ഹോത്താ ഹേ’ എന്ന സിനിമയിലെ ഷാരൂഖ് ഖാന്റെ കഥാപാത്രത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ‘രാഹുൽ ശരിയായ സമയത്ത് എത്തി’ എന്നാണ് യുവതി വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. വയോധികന്റെ നിസ്വാർത്ഥമായ പ്രവൃത്തിയെ പ്രശംസിച്ച് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ സഹായിച്ച അദ്ദേഹം ഒരു യഥാർത്ഥ ഹീറോയെപ്പോലെയാണ് നടന്നുപോയതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു.
Summary: A video of an elderly Indian man jumping onto the railway tracks at New Delhi Railway Station to retrieve an Indonesian tourist’s dupatta has gone viral. The woman, a digital creator, lost her scarf in the gap between the train and the platform while handling her camera. Social media users hailed the man as a hero for his selfless act and for walking away without waiting for any appreciation.

