ചെന്നൈ: തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂര്യ-തൃഷ ചിത്രം ‘കറുപ്പി’ന്റെ ആദ്യദിന പ്രദർശനങ്ങൾ തമിഴ്നാട്ടിലുടനീളം റദ്ദാക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്കും ഉച്ചയ്ക്കും നടക്കേണ്ടിയിരുന്ന ഷോകളാണ് മുടങ്ങിയത്. സാമ്പത്തിക തർക്കങ്ങളാണ് സിനിമയുടെ റിലീസ് വൈകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് (Karuppu Movie Release Issues).
സിനിമ നേരിടുന്ന പ്രതിസന്ധിയിൽ സൂര്യയ്ക്ക് പിന്തുണയുമായി നടൻ ധനുഷ് രംഗത്തെത്തി. “സൂര്യ സാറും കറുപ്പും അർഹമായ രീതിയിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടണം. നിലവിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും സിനിമ ഉടൻ തിയേറ്ററുകളിൽ എത്തുമെന്നും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,” ധനുഷ് എക്സിൽ കുറിച്ചു.
നിർമ്മാതാക്കളും ഫിനാൻസിയർമാരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പൂർത്തിയാകാത്തതാണ് റിലീസ് തടസ്സപ്പെടാൻ കാരണമെന്ന് പറയപ്പെടുന്നു. 32 മാസത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസിനൊരുങ്ങിയത്. മുഖ്യമന്ത്രി വിജയ് സിനിമയുടെ 9 മണി ഷോയ്ക്ക് പ്രത്യേക അനുമതി നൽകിയിരുന്നെങ്കിലും സാമ്പത്തിക കുരുക്ക് മൂലം പലയിടത്തും പ്രദർശനം നടന്നില്ല. തടസ്സങ്ങൾ നീക്കി സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ ശ്രമിക്കുകയാണെന്ന് സംവിധായകൻ ആർ.ജെ. ബാലാജി ആരാധകരെ അറിയിച്ചു.
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഈ ആക്ഷൻ ഡ്രാമയിൽ സൂര്യയ്ക്കും തൃഷയ്ക്കും പുറമെ ഇന്ദ്രൻസ്, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു അച്ഛന്റെയും മകളുടെയും നിയമപോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
Summary: The release of Suriya and Trisha’s highly anticipated film ‘Karuppu’ faced hurdles in Tamil Nadu as several shows were cancelled due to financial issues. Actor Dhanush expressed his support for Suriya on social media, hoping for a quick resolution. Director RJ Balaji urged fans to stay patient as producers work to clear the obstacles.

