വ്യായാമത്തിലും ഫിറ്റ്‌നസിലും ശ്രദ്ധിക്കുന്നവർ പലപ്പോഴും നാരുകളെ ദഹനത്തിന് മാത്രമുള്ള ഒന്നായിട്ടാണ് കാണാറുള്ളത്. എന്നാൽ ദഹനത്തിനപ്പുറം ശരീരത്തിന്റെ ഊർജ്ജനില നിലനിർത്തുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നാരുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട് (High Fiber Diet Benefits). ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, കായ്കനികൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
ബ്രിട്ടനിലെ കണക്കുകൾ പ്രകാരം ഒരാൾ ദിവസം 30 ഗ്രാം നാരുകൾ കഴിക്കണമെന്നാണ് നിർദ്ദേശമെങ്കിലും പലരും 20 ഗ്രാമിൽ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഓട്‌സ്, തവിട് കളയാത്ത അരി, പരിപ്പ് വർഗ്ഗങ്ങൾ, ചീര, ആപ്പിൾ, ചിയ വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹസാധ്യത കുറയ്ക്കാനും സഹായിക്കും.

