സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജത് താലൂക്കിലുള്ള ശ്രീ മാർഗുബായ് ദേവി ക്ഷേത്രത്തിന് സമീപം ശക്തമായ കാറ്റിലും മഴയിലും മതിലിടിഞ്ഞു വീണ് ആറ് പേർ മരിച്ചു. പന്ത്രണ്ടോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മോട്ടെവാഡി ഗ്രാമത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.(Sangli Wall Collapse, Six Devotees Die In Tragic Wall Collapse Near Sangli Temple)
ക്ഷേത്രത്തിന് സമീപം ഭക്തർക്ക് തണലൊരുക്കാൻ രണ്ട് വർഷം മുൻപ് നിർമ്മിച്ച ഒൻപത് അടി ഉയരമുള്ള മതിലാണ് ശക്തമായ കാറ്റിൽ തകർന്നു വീണത്. അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ സമീപത്തുണ്ടായിരുന്ന ടിൻ ഷീറ്റുകൾ പറന്നു വന്ന് മതിലിൽ ഇടിക്കുകയും, ഇതേതുടർന്ന് മതിൽ ഭക്തരുടെ മേലേക്ക് ഇടിഞ്ഞു വീഴുകയുമായിരുന്നുവെന്ന് സാംഗ്ലി ജില്ലാ പരിഷത്ത് അംഗം സർദാർ പാട്ടീൽ പറഞ്ഞു. ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
പാൻഡോധാരി സ്വദേശികളായ ശങ്കർ ആബാ ലോഖണ്ഡെ (80), മംഗൾ ഭൗസാഹേബ് മോറെ (45), കർണാടക വിജയ്പുർ സ്വദേശികളായ സംഗീത രാം ചൗധരി (42), അരുൺ വിഷ്ണു ഗേജ്‌ഗെ (14), സോണ്യ ലക്ഷ്മൺ ഗേജ്‌ഗെ (14), ജത് താലൂക്ക് ദാരിബാദ്ചി സ്വദേശി കൊണ്ടീബ റൗബ ഗേജ്‌ഗെ (65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ജത്, മിരാജ്, വിജയ്പുർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ലാറ്ററൈറ്റ് കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ മതിൽ നിർമ്മാണത്തിലെ അപാകതയാണോ അതോ കാറ്റിന്റെ ശക്തിയാണോ അപകടത്തിന് കാരണമായതെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. മരിച്ചവരിൽ പലരും മതപരമായ ചടങ്ങുകൾക്കായി എത്തിയവരാണ്.
Story Summary
A tragic wall collapse near the Shri Margubai Devi temple in Sangli, Maharashtra, resulted in the deaths of six devotees and left 12 others injured. The incident occurred during a storm when high-velocity winds caused nearby tin sheets to strike the structure, causing it to fall on pilgrims who had gathered for a religious yatra.

