മുംബൈ: ഐപിഎൽ 2026-ൽ ബാറ്റർമാർ റൺസ് അടിച്ചുുകൂട്ടുന്ന പശ്ചാത്തലത്തിൽ, ബൗളർമാർക്ക് ആശ്വാസമേകുന്ന പുതിയ നിർദ്ദേശവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. നിലവിൽ ഒരാൾക്ക് പരമാവധി നാല് ഓവർ മാത്രമേ എറിയാൻ കഴിയൂ എന്ന നിയമത്തിൽ മാറ്റം വരുത്തണമെന്നാണ് ഗവാസ്കറുടെ ആവശ്യം. (Sunil Gavaskar on IPL Bowlers Rule)
മികച്ച പ്രകടനം നടത്തുന്ന ബൗളർമാർക്ക് മത്സരത്തിൽ അഞ്ച് ഓവർ എറിയാൻ അനുവാദം നൽകണം. ഒരു ബാറ്റർക്ക് 20 ഓവർ മുഴുവൻ ക്രീസിൽ നിൽക്കാമെങ്കിൽ, എന്തുകൊണ്ട് മികച്ച ബൗളർക്ക് ഒരു ഓവർ കൂടി അധികം നൽകിക്കൂടാ എന്ന് അദ്ദേഹം ചോദിച്ചു.
നാല് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളർക്ക് റിവാർഡായി അഞ്ചാം ഓവർ നൽകാവുന്നതാണ്. ഇത് പ്രതിരോധത്തിലൂന്നിയ ബൗളിംഗിന് പകരം വിക്കറ്റ് വീഴ്ത്താൻ ബൗളർമാരെ പ്രേരിപ്പിക്കും. ചെറിയ ബൗണ്ടറികളും ബൗൺസറുകൾ വൈഡ് നൽകുന്ന കർശന നിയമങ്ങളും ബൗളർമാർക്ക് വലിയ വെല്ലുവിളിയാണ്. അധിക ഓവർ നൽകുന്നത് കളിയിൽ തുല്യനീതി ഉറപ്പാക്കാൻ സഹായിക്കും.
ഈ നിയമം ആദ്യം ആഭ്യന്തര ക്രിക്കറ്റിലോ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലോ പരീക്ഷിച്ച ശേഷം ഐപിഎല്ലിൽ നടപ്പിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎൽ 2026-ന്റെ പകുതി പിന്നിടുമ്പോൾ തന്നെ 46 തവണ ടീമുകൾ 200 കടന്ന സാഹചര്യത്തിലാണ് ഗവാസ്കറുടെ ഈ പ്രതികരണം. സൺറൈസേഴ്സ് ഹൈദരാബാദ് മാത്രം എട്ട് തവണ 200 പ്ലസ് സ്കോർ കണ്ടെത്തിക്കഴിഞ്ഞു.
Summary: Legendary cricketer Sunil Gavaskar has suggested a bold rule change for the IPL to level the playing field between batters and bowlers. He proposed that bowlers who perform well—such as those taking three wickets—should be rewarded with an extra fifth over. Gavaskar argued that while batters can bat for the entire 20 overs, restricting bowlers to four overs is unfair, especially given small boundaries and batting-friendly conditions in IPL 2026.

