ന്യൂഡൽഹി: ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരി ക്ലസ്റ്ററുകൾ ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രദേശത്തെ എയർഫോഴ്സ് സ്റ്റേഷന്റെയും പ്രധാനമന്ത്രിയുടെ വസതിയുടെയും സുരക്ഷ കണക്കിലെടുത്താണ് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.(Delhi HC Upholds Eviction Of Slums Near PM Residence National Security)
ആധുനിക ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, വ്യക്തികളുടെ താൽപ്പര്യങ്ങളേക്കാൾ രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടത്. സർക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിൽ കോടതി ഇടപെടില്ല. ചേരിനിവാസികളെ ഔട്ടർ ഡൽഹിയിലെ സാവ്ദ ഖേവ്‌രയിലേക്ക് മാറ്റിപ്പാർപ്പിക്കും. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിതോപാധിക്കും അഭയത്തിനുമുള്ള അവകാശത്തിന്റെ ലംഘനമല്ലെന്നും കോടതി നിരീക്ഷിച്ചു.
ചേരികളിൽ അവശേഷിക്കുന്നവർ 15 ദിവസത്തിനകം ഒഴിഞ്ഞുപോകണം. നിർദ്ദേശം ലംഘിച്ചാൽ നിയമപരമായ നടപടികളുമായി അധികൃതർക്ക് മുന്നോട്ട് പോകാം. തങ്ങളെ ദൂരേക്ക് മാറ്റുന്നത് ഉപജീവനമാർഗ്ഗത്തെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിവാസികൾ കോടതിയെ സമീപിച്ചത്. സെൻട്രൽ ഡൽഹിയിൽ ഡ്രൈവർമാരായും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്ന തങ്ങൾക്ക് സാവ്ദ ഖേവ്‌ര വളരെ അകലെയാണെന്ന് അവർ വാദിച്ചു.
പുനരധിവാസ നിയമപ്രകാരം ഓരോ കുടുംബവും അടയ്‌ക്കേണ്ട 1.12 ലക്ഷം രൂപ സർക്കാർ തന്നെ വഹിക്കും. സാവ്ദ ഖേവ്‌രയിൽ നിലവിൽ റോഡ്, വെള്ളം, സീവേജ് സൗകര്യങ്ങൾ ഉണ്ടെന്നും കൂടുതൽ വികസനം നടന്നു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആകെ 717 കുടുംബങ്ങളെയാണ് ഇവിടെ നിന്ന് മാറ്റുന്നത്. ഇതിൽ 192 പേർ ഇതിനകം അലോട്ട്‌മെന്റ് ലെറ്ററുകൾ സ്വീകരിക്കുകയും 136 പേർ പുതിയ ഫ്ലാറ്റുകളിൽ താമസം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവർക്കാണ് കോടതി ഇപ്പോൾ അന്ത്യശാസനം നൽകിയിരിക്കുന്നത്.
Story Summary
The Delhi High Court upheld the eviction of three slum clusters near the Prime Minister’s residence citing national security. Residents must vacate within 15 days and relocate to Savda Ghevra. The court ruled that national security imperatives outweigh individual rehabilitation claims in the same area.

