ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കുമെന്ന് സൂചന (Petrol Diesel Price Hike India). ലിറ്ററിന് അഞ്ച് രൂപ വരെ വർധനവുണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നതോടെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം 30,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നു. ആകെ നഷ്ടം ഒരു ലക്ഷം കോടി കടന്ന സാഹചര്യത്തിൽ മെയ് 15-ന് മുൻപായി വില വർധിപ്പിക്കാനാണ് നീക്കം.
പെട്രോളിനും ഡീസലിനും പുറമെ ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെ വർധിച്ചേക്കാം. 2022-ന് ശേഷം ഇതാദ്യമായാണ് ഇന്ധനവിലയിൽ വലിയ വർധനയ്ക്ക് സാധ്യത തെളിയുന്നത്. നിലവിലെ സാഹചര്യം നേരിടാൻ ജനങ്ങൾ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും ചെലവ് ചുരുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഈ സാമ്പത്തിക നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.
രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം യുദ്ധം മൂലം തടസ്സപ്പെട്ടതാണ് ആഗോള ഊർജ്ജ വിപണിയെ പ്രതിസന്ധിയിലാക്കിയത്.
News Summary: India is likely to see a hike in petrol and diesel prices by up to ₹5 per litre before May 15 due to the escalating West Asia conflict and soaring crude oil prices (touching $126/barrel). Oil marketing companies, facing monthly losses of ₹30,000 crore, expect government approval for the hike, which may also increase LPG cylinder rates by ₹40-50. Prime Minister Narendra Modi has urged citizens to reduce fuel consumption to manage the economic impact. However, the Petroleum Ministry clarified that there is no fuel shortage and India maintains sufficient crude oil reserves.

