ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ആറ് പതിറ്റാണ്ടുകൾ നീണ്ട ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യം തിരുത്തിക്കൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കും. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.(Vijay to Take Oath As Tamil Nadu Chief Minister Historic Shift In State Politics)
ദിവസങ്ങൾ നീണ്ട രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് വിജയ് ഭരണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, കോൺഗ്രസ് (5), വിസികെ (2), സിപിഐ (2), സിപിഎം (2), മുസ്ലിം ലീഗ് (2) എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് കേവല ഭൂരിപക്ഷമായ 118 എന്ന സംഖ്യ മറികടന്നത്. വിജയ് രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനാൽ നിലവിൽ സഖ്യത്തിന് 120 എംഎൽഎമാരുടെ പിന്തുണയുണ്ട്.
പുതിയ സർക്കാരിന്റെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ കൂടി സൂചനയായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. വിജയ് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ലക്ഷക്കണക്കിന് അണികളാണ് ‘ദളപതി’ മുദ്രാവാക്യങ്ങളുമായി വരവേറ്റത്.
1960-കൾക്ക് ശേഷം തമിഴ്നാട്ടിൽ ഡിഎംകെ, എഐഎഡിഎംകെ ഇതര സർക്കാർ അധികാരത്തിലെത്തുന്നു എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയ മാറ്റങ്ങളിലൊന്നാണ്. 51-വയസ്സുകാരനായ വിജയ് തന്റെ സിനിമാ ജീവിതത്തിൽ നിന്ന് പൂർണ്ണമായി മാറി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരനായി തമിഴ് മണ്ണിൽ പ്രവർത്തിക്കും. മുഖ്യമന്ത്രിയോടൊപ്പം ഒൻപത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
Story Summary
Actor-turned-politician Vijay to sworn in as the 18th Chief Minister of Tamil Nadu, ending nearly 60 years of Dravidian party dominance. Supported by an alliance including Congress, VCK, and Left parties, Vijay reached a majority of 120 MLAs to form the historic non-DMK, non-AIADMK government.

