ന്യൂഡൽഹി: വിദേശത്തെ വിനോദസഞ്ചാര കപ്പലിൽ രണ്ട് ഇന്ത്യക്കാർക്ക് ഹന്റാവൈറസ് സ്ഥിരീകരിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇന്ത്യയിൽ നിലവിൽ പൊതുജനാരോഗ്യ ഭീഷണിയില്ലെന്നും ഐസിഎംആർ വ്യക്തമാക്കി (Hantavirus India). കോവിഡ്-19 പോലെ ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ പറഞ്ഞു.
എന്താണ് ഹന്റാവൈറസ്?
പ്രധാനമായും എലികൾ, മറ്റ് കരണ്ടുതീനികൾ എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്. ഇവയുടെ വിസർജ്യങ്ങൾ, സ്രവങ്ങൾ എന്നിവയുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടാകുന്നത് വഴിയാണ് മനുഷ്യരിലേക്ക് രോഗമെത്തുന്നത്. കഠിനമായ പനി, ശരീരവേദന, തലവേദന, ക്ഷീണം, വിറയൽ, ഓക്കാനം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വൈറസ് ബാധിച്ച് 1 മുതൽ 5 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.
ആർടി-പിസിആർ (RT-PCR) പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. ഇതിനായി ഇന്ത്യയിൽ 165 ലാബുകൾ സജ്ജമാണെന്ന് ഐസിഎംആർ അറിയിച്ചു.
സമൂഹവ്യാപനത്തിന് നിലവിൽ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കപ്പലുകൾ, വെയർഹൗസുകൾ തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണം. ശുചിത്വം ഉറപ്പാക്കുന്നതും എലികളെ നശിപ്പിക്കുന്നതുമാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. കാലാവസ്ഥാ വ്യതിയാനവും മാലിന്യ സംസ്കരണത്തിലെ പോരായ്മകളും എലികൾ വർദ്ധിക്കാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Story Summary: ICMR and the National Institute of Virology have clarified that there is no immediate health threat in India despite two Indians testing positive for Hantavirus on a cruise ship. Experts emphasized that the virus, which primarily spreads from rodents to humans, does not easily transmit between people like COVID-19. India has a network of 165 labs ready for testing.

